പാലാ: സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും പുസ്തകങ്ങളുടെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. നിയമസഭ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും മാണി സി കാപ്പൻ എം എൽ എ യുടെ പ്രത്യേക വികസനനിധിയിൽ നിന്നുള്ള മൂന്നു ലക്ഷം രൂപ ഉപയോഗിച്ചു വാങ്ങിയ പുസ്തകങ്ങൾ പാലാമണ്ഡലത്തിലെ വിവിധ ഗ്രന്ഥശാലകൾക്കു വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ.
വായന സംസ്ക്കാരത്തിൻ്റെ അടയാളമാണ്. വായന ഒരിക്കലും ഇല്ലാതാവുകയില്ലെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു, തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ്, റോയി ഫ്രാൻസീസ്, സി കെ ഉണ്ണികൃഷ്ണൻ, അഡ്വ സണ്ണി ഡേവിഡ് എന്നിവർ പ്രസംഗിച്ചു. മീനച്ചിൽ താലൂക്കിലെ 38 ലൈബ്രറികൾക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.