നിർദിഷ്ട തിരുവനന്തപുരം – അങ്കമാലി ദേശീയപാതയ്ക്കു (എൻഎച്ച് 183) വേണ്ടി കോട്ടയവും കൊച്ചിയും കേന്ദ്രീകരിച്ചു പുതിയ പ്രോജക്ട് ഓഫിസ് ആരംഭിച്ചു. തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിലുണ്ടായിരുന്ന ദേശീയപാത 66 ലെ തുറവൂർ– പറവൂർ, പറവൂർ – കൊറ്റുകുളങ്ങര റീച്ചുകളും കൊച്ചി പ്രോജക്ട് ഓഫിസിനു കീഴിലുണ്ടായിരുന്ന അരൂർ – തുറവൂർ റീച്ചും കൊച്ചിൻ പ്രോജക്ട് ഓഫിസിനു ( കൊച്ചിൻ– 2 ) കീഴിലേക്കു മാറ്റി. രണ്ടു പ്രോജക്ട് ഓഫിസുകളിലും പ്രോജക്ട് ഓഫിസർമാരെയും നിയമിച്ചു.
ഇവർക്കു പുതിയ ഓഫിസ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പുതിയ തസ്തികകളും അനുവദിക്കും. പൂർണമായും പുതിയ പാതയായി നിർമിക്കുന്ന (ഗ്രീൻഫീൽഡ്) തിരുവനന്തപുരം – അങ്കമാലി ദേശീയപാതയുടെ നടപടികൾ തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിലാണ് തുടങ്ങിയത്.
ആറു ജില്ലകളിലൂടെ കടന്നു പോകുന്ന ദേശീയപാത ആയതിനാൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തിരുവനന്തപുരം പ്രോജക്ട് ഓഫിസിലെ തിരക്കു കുറയ്ക്കാനുമാണ് പുതിയ പ്രോജക്ട് ഓഫിസ് ആരംഭിച്ചത്. തിരുവനന്തപുരം പ്രോജക്ട് ഓഫിസിനു കീഴിൽ കായംകുളം കൊറ്റുകുളങ്ങര മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാത 66 ന്റെ റീച്ചുകൾ, കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാത, തിരുവനന്തപുരം ഔട്ടർ റിങ് റോഡ് എന്നിവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലാണ്.
നിലവിൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദേശീയപാതകൾക്ക് എവിടെയെങ്കിലും ആവശ്യമായ 45 മീറ്റർ വീതി ഇല്ലെങ്കിലും നിർമാണം നിർത്തേണ്ടതില്ലെന്നു ദേശീയപാത അതോറിറ്റി നിർദേശിച്ചു. 45 മീറ്ററിൽ ആറു വരി പാതയായി നിർമാണം പുരോഗമിക്കുന്ന എൻഎച്ച് 66 ഉൾപ്പെടെയുള്ള റോഡുകൾക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ സാങ്കേതിക പിഴവു കാരണം ചിലയിടങ്ങളിൽ 45 മീറ്റർ വീതി ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.