പത്തനംതിട്ട വടശേരിക്കര കുമ്പളത്താമണ്ണില്‍ ആടിനെ കടുവ പിടിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നാട്ടില്‍ കടുവയിറങ്ങുന്നത്. പെരുനാട്ടിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
തിങ്കളാഴ്ച രാത്രി വടശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ കടിച്ചെടുത്തത് ബൗണ്ടറി വലിയമണ്ണിൽ പി.ടി.സദാനന്ദന്റെ 6 മാസം പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ്. കടുവ ഭക്ഷിച്ച ആട്ടിൻകുട്ടിയുടെ അവശിഷ്ടങ്ങൾ സദാനന്ദന്റെ വീടിന് ഏകദേശം 200 മീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തി.
8 ആടുകളെയാണു സദാനന്ദൻ വളർത്തിയിരുന്നത്. ഇതിൽ 4 എണ്ണം കുട്ടികളാണ്. ഇതിലൊന്നിനെയാണു രാത്രി 8 മണിയോടെ കടുവ കടിച്ചെടുത്തത്.
പത്തനംതിട്ട പെരുനാട്ടിൽ ഒരുമാസം മുൻപാണ് കടുവയെ ആദ്യമായി കാണുന്നത്. അവിടെ മൂന്നു പശുക്കളെ പല ദിവസങ്ങളിലായി കൊന്നിരുന്നു. അതിനെതുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചിരിന്നു. കഴിഞ്ഞ ദിവസം ആട്ടിൻകുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം ബൗണ്ടറിയിലും കടുവയെ പിടികൂടാൻ കൂടു വച്ചിട്ടുണ്ട്.
കൂട്ടിൽ ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പെരുനാട്ടിൽ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയിരിക്കുന്നതെന്ന നിഗമനത്തിലാണു വനം വകുപ്പ്. ആനകൾ പലപ്പോഴും ഈ മേഖലയിൽ ഇറങ്ങാറുണ്ടെങ്കിലും കടുവയെ കാണുന്നത് ആദ്യമാണെന്നു പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പിന്റെ കാവൽ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.