നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഹൈക്കോടതി. ഇവയെ മോട്ടോര്‍വാഹനനിയമം പാലിക്കുന്നവയായി കണക്കാക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്.
മള്‍ട്ടികളര്‍ എല്‍.ഇ.ഡി, ലേസര്‍, നിയോണ്‍ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ ഓരോ രൂപമാറ്റത്തിനും 5000 രൂപവീതം പിഴയീടാക്കാനും നിര്‍ദേശിച്ചു. പിടികൂടുന്ന വാഹനങ്ങള്‍ വിട്ടുനല്‍കുന്നതിനുമുമ്പ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
റോഡു സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന 2019-ലെ കോടതി ഉത്തരവ് ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടി ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
മോട്ടോര്‍ വാഹന നിയമം അനുസരിച്ച് വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നത് കുറ്റകരമാണ്. അതേസമയം, വാഹനത്തിന്റെ നിറത്തില്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി മാറ്റാനും അനുമതിയുണ്ട്.
വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അലോയി വീല്‍, കാഴ്ച മറയ്ക്കുന്ന കര്‍ട്ടണുകളും കൂളിങ്ങും, അതിതീവ്ര പ്രകാശമുള്ള ലൈറ്റുകള്‍, എക്‌സ്‌ഹോസ്റ്റില്‍ വരുത്തുന്ന മാറ്റം, ക്രാഷ്ഗാര്‍ഡുകള്‍ ഘടിപ്പിക്കുന്നത്, നമ്പര്‍ പ്ലേറ്റില്‍ അലങ്കാരപ്പണികള്‍ വരുത്തുന്നത് തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരുന്നവയാണ്.