പാലാ: ജൂൺ 1- നു സ്കൂളുകൾ തുറക്കാൻ ഇരിക്കെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളുടെ സമീപ റോഡുകളിൽ സീബ്ര ലൈനുകൾ വരയ്ക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റോഡ് അപകടങ്ങൾ തുടർകഥകൾ ആവുന്ന സാഹചര്യത്തിൽ റോഡ് മുറിച്ചു കടക്കേണ്ട സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന് സീബ്രാലൈനുകൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.
വർഷങ്ങൾ മുൻപ് വരച്ച റോഡിലെ സീബ്രാ ലൈനുകൾ എല്ലാം തന്നെ ഇപ്പോൾ മാഞ്ഞുപോയിരിക്കുന്ന അവസ്ഥയിലാണ്. ഇത്തരം സാഹചര്യത്തിൽ വഴിയാത്രക്കാർക്ക് ഉണ്ടായേക്കാവുന്ന അപകട സാഹചര്യങ്ങൾ കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എംപിയ്ക്ക്
കെ.എസ്.സി (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി.
ജോസ് കെ മാണി ഈ വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുകൂലമായ നടപടിയെടുപ്പിക്കാം എന്ന് ഉറപ്പ് നൽകിയതായും അവർ അറിയിച്ചു.