സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ചു മുഖ്യമന്ത്രിയുടെ ജനജാഗ്രത പോർട്ടലിൽ പരാതിപ്പെടണമെങ്കിൽ പരാതിക്കാർ ആധാർ വിവരങ്ങൾ നൽകണം. ഇതിനു കേന്ദ്ര സർക്കാരിൽനിന്നുള്ള അനുമതി സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിനു ലഭിച്ചു.
സർക്കാരിൽ നിന്നുള്ള വിവിധ ആനുകൂല്യങ്ങൾ, ക്ഷേമ പെൻഷൻ, സേവനങ്ങൾ എന്നിവയ്ക്കാണു പൊതുവെ ആധാർ വിവരങ്ങൾ തേടുന്നത്.എന്നാൽ, അഴിമതി സംബന്ധിച്ച പരാതികൾ നൽകുന്നവരുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നത് ആദ്യമാണ്.
ആധാർ വിവരം നൽകാൻ തയാറല്ലാത്തവർ സമർപ്പിക്കേണ്ട തിരിച്ചറിയൽ രേഖകൾ സംബന്ധിച്ചു പ്രത്യേക ഉത്തരവിറക്കുമെന്നാണു വിജ്ഞാപനത്തിലുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2021ൽ മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചതാണു ജനജാഗ്രത പോർട്ടൽ.
രഹസ്യ പരാതികൾ നൽകാൻ ലക്ഷ്യമിട്ടുള്ള പോർട്ടൽ 2021 ഫെബ്രുവരിയിലാണ് ആരംഭിച്ചത്.