ഈരാറ്റുപേട്ട വാഗമൺ റോഡിൽ കാർ നിയന്ത്രണം വിട്ട് അപകടം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു സ്ത്രീക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ പ്രദേശവാസികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
തീക്കോയി കല്ലത്തിന് സമീപമാണ് സംഭവം. തീക്കോയിഭാഗത്ത് നിന്നും അമിത വേഗത്തിലാണ് കാർ എത്തിയതെന്ന് നാട്ടുകാർ പറയുന്നു. വാഗമൺ ഭാഗത്ത് നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ റോഡിൽ നിന്നും തെന്നി മരങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് ഇടിച്ച് കയറുകയായിരുന്നു. മരത്തിൽ ഇടിച്ചതിനാൽ മുന്നിലുള്ള തോട്ടിൽ വീണ് വലിയ അപകടം ഒഴിവായി.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. ബി എം ബി സി നിലവാരത്തിൽ പണിത റോഡിലൂടെ അമിത വേഗത്തിൽ വാഹനങ്ങൾ പായുകയാണ് ഇപ്പോൾ. റോഡ് പണി പൂർത്തിയായതോടെ ഇതുവഴി ശനി ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ വൻ തോതിൽ വാഹനങ്ങളുടെ ഒഴുക്കാണ്. എന്നാൽ റോഡിന് ആവശ്യമായ വീതി ഇല്ലാത്തതും സിഗ്നൽ സുരക്ഷ സംവിധാനങ്ങൾ നിർമ്മിക്കാത്തതും ആണ് തുടർച്ചയായ അപകടങ്ങൾക്ക് വഴിവയ്ക്കുന്നത്.
കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിന് പിന്നാലെ അതേ സ്ഥലത്ത് ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ച് മറിഞ്ഞു. ഈ അപകടത്തിൽ ആർക്കും പരിക്കില്ല.