എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനത്തിന്റെ റിപ്പോർട്ട് വിലയിരുത്താൻ സംസ്ഥാന സർക്കാർ ഏഴംഗ വിദഗ്ധ സമിതി രൂപീകരിച്ചു. എംജി സർവകലാശാലാ സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസി. പ്രഫസർ ഡോ. എം.വി. ബിജുലാൽ ആണു സമിതി ചെയർമാൻ.
റിപ്പോർട്ട് പഠിച്ചശേഷം സമിതിയുടെ ശുപാർശകൾ കലക്ടർക്കു സമർപ്പിക്കും. തുടർന്നു സർക്കാർ പരിഗണിക്കും. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ മാനേജ്മെന്റാണു സാമൂഹികാഘാത പഠനം നടത്തുന്നത്.
ഇവർ കരട് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഹിയറിങ് നടത്തി. ഹിയറിങ്ങിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ റിപ്പോർട്ട് തയാറാക്കുക. ഈ റിപ്പോർട്ട് ഇറങ്ങി 2 മാസത്തിനുള്ളിൽ അതു പഠിച്ചു സർക്കാരിലേക്കു ശുപാർശകൾ സമർപ്പിക്കുക എന്നതാണു വിദഗ്ധ സമിതിയുടെ ദൗത്യം.