കോതയാറില്‍ സുഖമായിരിക്കുന്ന അരിക്കൊമ്പന്‍റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ 20 ദിവസമായി കോതയാര്‍ ഡാമിനു സമീപമുള്ള കാട്ടില്‍ അരിക്കൊമ്പന്‍ തുടരുകയാണ്. ഇതോടെ കേരളത്തിലേക്ക് ആന കടക്കുമോ എന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആശങ്കയ്ക്ക് അല്‍പം കുറവുണ്ടായിട്ടുണ്ട്.
കോതയാര്‍ഡാമിന് സമീപമുള്ള വനമേഖലയില്‍ അരിക്കൊമ്പന്‍ കഴിഞ്ഞ 20 ദിവസമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്.
ഇതേ സ്ഥലത്ത് മറ്റ് ആനകളും ആന കൂട്ടങ്ങളും ഉണ്ട്. പക്ഷേ, ഇവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പന്‍ ഇതുവരെ തയറായിട്ടില്ല. എന്നാല്‍ മറ്റ് ആനകളുമായി പ്രശ്നങ്ങളുമുണ്ടായിട്ടില്ല. തുമ്പികൈക്കേറ്റ പരുക്ക് ഉണങ്ങിയെന്നും വനം വാച്ചര്‍മാര്‍ അറിയിച്ചു.
നിലവില്‍ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. അരിക്കൊമ്പന്‍ ഏതെങ്കിലും ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
കോതയാറില്‍ നിന്ന് ഏറ്റവും അടുത്തുള്ള കേരളത്തിലെ നെയ്യാര്‍ പേപ്പാറ അഗസ്ത്യ വനമേഖലകളിലേക്ക് അരിക്കൊമ്പനെത്തുമോ എന്ന ചോദ്യത്തിന് സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധരും വനം ഉദ്യോഗസ്ഥരും ഇപ്പോള്‍ നല്‍കുന്ന മറുപടി.