തമിഴ്‌നാട്ടിലെ വനത്തിലുള്ള കാട്ടാന അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്തമാസം ആറിനു പരിഗണിക്കാമെന്ന് സുപ്രീംകോടതി. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണു ഹര്‍ജി നൽകിയത്.
അത്രയും നാൾ ആനയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും ആനകള്‍ ശക്തരാണെന്നും ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, പി.കെ.മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
കോതയാറില്‍ സുഖമായിരിക്കുന്ന അരിക്കൊമ്പന്‍റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഏതാനും ദിവസമായി കോതയാര്‍ ഡാമിനു സമീപമുള്ള കാട്ടില്‍ അരിക്കൊമ്പന്‍ തുടരുകയാണ്.
ഇതോടെ കേരളത്തിലേക്ക് ആന കടക്കുമോ എന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ ആശങ്കയ്ക്ക് അല്‍പം കുറവുണ്ട്. ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്.