തലസ്ഥാനത്തു നിന്നു കാണാതായ 17 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ കൊച്ചിയിലെ ബസ് സ്റ്റാൻഡിൽ നിന്ന് 22 വയസ്സുള്ള ട്യൂഷൻ അധ്യാപികയ്ക്ക് ഒപ്പം പൊലീസ് കണ്ടെത്തി.
അധ്യാപികയെ അറസ്റ്റ് ചെയ്ത ശേഷം പെൺകുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു. മെഡിക്കൽ കോളജ് പൊലീസിനു രക്ഷിതാക്കളിൽ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ കൊച്ചിയിൽ നിന്നു കണ്ടെത്തിയത്.
അധ്യാപികയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തു. നേരത്തേ, ഇതേ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം നടത്തിയപ്പോഴും ഇതേ അധ്യാപികയ്ക്കൊപ്പം കണ്ടെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്ന് അറസ്റ്റിലായ അധ്യാപികയെ റിമാൻഡ് ചെയ്തിരുന്നു.