മുടിയുടെ ആരോഗ്യത്തിന് സഹായകവും ദോഷവുമായ പല കാര്യങ്ങളുമുണ്ട്. മുടിയുടെ കാര്യത്തില്‍ കൃത്രിമ വഴികള്‍ ഗുണം ചെയ്യില്ലെന്ന് തന്നെ പറയാം. മാത്രമല്ല, ഇത്തരം വഴികളും പരീക്ഷണങ്ങളും പലപ്പോഴും മുടി പോകാന്‍ ഇടയാക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്ത് മിക്കവാറും പേര്‍ ഉപയോഗിയ്ക്കുന്ന ഷാംപൂ എന്നത്. മുടി വൃത്തിയാക്കുകയെന്നത് അത്യാവശ്യമാണ്.
മുടി വൃത്തിയാക്കാനായി ആയുര്‍വേദം പറയുന്ന തികച്ചും ഗുണപ്രദമായ വഴികളുണ്ട്. ദോഷം വരുത്തില്ലെന്ന് മാത്രമല്ല, ഗുണം നല്‍കുകയും ചെയ്യുന്നു.അധികം ചിലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെ ഉപയോഗിയ്ക്കാവുന്ന വഴികളാണിവ.
ഷിക്കാക്കായ്
ഷിക്കാക്കായ് ഇതില്‍ ഒന്നാണ്. ഇത് മുടി വൃത്തിയാക്കാന്‍ ഏറെ നല്ലതാണ്. ഇത് നാച്വറല്‍ ക്ലെന്‍സറാണ്. മുടിയില്‍ നിന്നും കൂടുതലുള്ള എണ്ണമയം നീക്കുന്ന ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
വരണ്ട മുടിയുള്ളവരെങ്കില്‍ ഷിക്കാക്കായ്ക്ക് പകരം റീത്ത, നെല്ലിക്ക, ചെമ്പരത്തി മിശ്രിതം ഉപയോഗിയ്ക്കുന്നത് നല്ലതാണ്. റീത്ത സോപ് നട്ടാണ്. ഇത് മുടി വൃത്തിയാക്കുന്നതിനൊപ്പം വല്ലാതെ വരണ്ട് പോകാതെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.
കറ്റാര്‍ വാഴ
കറ്റാര്‍ വാഴ മുടി വളരാനും മൃദുത്വവും തിളക്കവും നല്‍കാനും മാത്രമല്ല, മുടിയ്ക്ക് നാച്വറല്‍ ക്ലെന്‍സറിന്റെ ഗുണം നല്‍കാനും സഹായിക്കുന്നു. ഇതിന്റെ ജെല്‍ ശിരോചര്‍മത്തില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകാം. മുടി വരണ്ട് പോകാതെ തന്നെ വൃത്തിയാക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. തലയ്ക്ക് തണുപ്പ് നല്‍കുന്ന ഒന്നാണിത്. മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവും.
ചെമ്പരത്തി
പരമ്പരാഗത വഴിയായ ചെമ്പരത്തിയാണ് മുടിയ്ക്ക് നാച്വറല്‍ ക്ലെന്‍സറായി ആയുര്‍വേദം പറയുന്ന ഒരു വഴി. ഇതിന്റെ പൂവും ഇലകളും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. മുടി വരണ്ടു പോകാതെ വൃത്തിയാക്കാന്‍ മാത്രമല്ല, മുടി വളരാനും മുടിയ്ക്ക് മൃദുത്വത്തിനും ഇതേറെ നല്ലതാണ്.
നെല്ലിക്കയും മുടിയില്‍ നാച്വറല്‍ ക്ലെന്‍സറായി ഉപയോഗിയ്ക്കാം. നെല്ലിക്കയും കട്ടന്‍ ചായയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. ഇതില്‍ റീത്തയോ ഷിക്കാക്കായോ ചേര്‍ക്കാം.
കടലമാവ്
കടലമാവ് മുടി വൃത്തിയാക്കാന്‍ ആയുര്‍വേദം പറയുന്ന വഴിയാണ്. പ്രത്യേകിച്ചും എണ്ണമയം കൂടുതലുളള മുടിയ്ക്ക്. ഇത് വെള്ളത്തില്‍ കലര്‍ത്തി മുടിയില്‍ പുരട്ടാം.
ഇതല്ലെങ്കില്‍ കഞ്ഞിവെള്ളവുമായി ചേര്‍ത്ത് പുരട്ടാം. ഇതു പോലെ ചെറുപയര്‍ പൊടിയും ഉപയോഗിയ്ക്കാം. ഉലുവ അരച്ചത് മുടിയില്‍ നാച്വറല്‍ ക്ലെന്‍സറായി ഉപയോഗിയ്ക്കാം.