തിരുവനന്തപുരം: വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിൽ അപ്രഖ്യാപിത സെൻസർഷിപ്പുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവർത്തക യൂണിയൻ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർത്തകൾ റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ് മാധ്യമപ്രവർത്തകരുടെ കടമ. അങ്ങനെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ പേരിൽ കേസെടുത്താൽ കേരളത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം എങ്ങനെയാണ് സാധ്യമാകുകയെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ഇങ്ങനെ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടതായിരുന്നു. സമരം ചെയ്യേണ്ടിവരുന്നത് ദൗർഭാഗ്യകരമായ കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ മാധ്യമ പ്രവർത്തകർക്കുണ്ടായിരുന്ന സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നു.
മാധ്യമപ്രവർത്തകർക്കെതിരായ ഈ വെല്ലുവിളി ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. നിയമസഭയിലും സെക്രട്ടേറിയേറ്റിലും മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കാൻ വിലക്കുകളുണ്ട്.
നിയമസഭയിൽ സഭാ ടി.വി എടുത്ത് കൊടുക്കുന്ന ദൃശ്യങ്ങൾ മാത്രമേ മാധ്യമപ്രവർത്തകർക്ക് ലഭ്യമാകുന്നുള്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.