കോട്ടയം: കോട്ടയം അമല്‍ജ്യോതി കോളേജില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ഥികള്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികളെ കോളേജില്‍ പൂട്ടിയിട്ടുവെന്നും ഇന്റേര്‍ണല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് അധ്യാപകര്‍ ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് കോളേജ് അടിയന്തിരമായി അടച്ചിടാൻ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടുപോകണമെന്നും പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർഥികൾ പ്രതിഷേധമാരംഭിച്ചത്. ഇന്നലെ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് കോളജ് അടച്ചിടാനും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാനും തീരുമാനിച്ചത്.
ഇതോടെ മാനേജ്‌മെന്റിനെതിരെ വിദ്യാർഥികൾ സമരം കടുപ്പിക്കുകയായിരുന്നു. ഹോസ്റ്റല്‍ വിട്ടു പോകില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ നിലപാട്.
വിദ്യാർഥികളുടെ പ്രതിഷേധത്തേയും സമരത്തേയും ഇല്ലാതാക്കാനാണ് കോളേജ് അടച്ചിടുന്നതെന്നും പിന്നീട് കോളേജ് തുറക്കുമ്പോഴേക്കും ഇതൊരു തണുത്ത വിഷയമായി മാറുമെന്നും വിദ്യാർഥികൾ പറയുന്നു.