അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ബിപോര്‍ജോയ്' ഇന്നു രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്തെ എട്ട് തീരദേശ ജില്ലകളില്‍നിന്ന് 74,343 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
നിലവില്‍ ഗുജറാത്ത് തീരത്തുനിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള ബിപോര്‍ജോയ് നാല് മണിയോടെ സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാകിസ്താന്‍ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 125 -135 കിലോമീറ്ററില്‍ വീശുന്ന കാറ്റ് 150 കിലോമീറ്റര്‍വരെ വേഗം കൈവരിച്ചേക്കും.
വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയിൽ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി.
കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.