ഒരു ഡെങ്കിപ്പനി മരണം ഉൾപ്പെടെ, സംസ്ഥാനത്ത് ഇന്നലെ 4 പേർ കൂടി പനി ബാധിച്ചു മരിച്ചു. ഇതോടെ ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. ഇതിൽ 25 പേരും മരിച്ചത് ഈ മാസം.
27 പേർ മരിച്ചതു ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 9 ഡെങ്കിപ്പനി മരണം. തൃശൂർ ചാഴൂരിൽ എസ്എൻഎം എച്ച്എസ് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിയും കുഞ്ഞാലുക്കൽ കുണ്ടൂര് സുമേഷിന്റെ മകനുമായ ധനിഷ്ക് (അപ്പൂസ് –13) ആണു ഇന്നലെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 125 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി – 8, മലേറിയ – 2, വൈറൽപനി – 13521, വയറിളക്ക രോഗങ്ങൾ– 2207, ചിക്കൻപോക്സ് – 70, ഹെപ്പറ്റൈറ്റിസ് ബി – 1, ചെള്ളുപനി – 1, ടൈഫോയ്ഡ് – 2.
ഇടുക്കിയിൽ ആദിദേവ് (3), കണ്ണൂർ പാപ്പിനിശ്ശേരിയിൽ കടന്നപ്പള്ളി സ്വദേശി എം.റാഫിയുടെയും മാങ്കടവിൽ സി.എച്ച്.റഫ്സിയയുടെയും മകൾ ആയിഷ റാഫി(4), കൊല്ലം കൊട്ടാരക്കര പള്ളിക്കൽ കിരൺഭവൻ വിജയൻ (62) എന്നിവരാണ് ഇന്നലെ പനി ബാധിച്ചു മരിച്ചത്.