ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ചു കലക്ടർമാർക്കോ ആർഡിഒമാർക്കോ ഉത്തരവിടാൻ വഴിയൊരുങ്ങുന്നു. ഇത്തരം നായ്ക്കളെക്കുറിച്ചു ജനങ്ങൾ ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 133–ാം വകുപ്പ് പ്രകാരം പരാതിപ്പെട്ടാൽ അതു പരിശോധിച്ച് സബ് ഡിവിഷനൽ മജിസ്ട്രേട്ട് (എസ്ഡിഎം) എന്ന നിലയിൽ ആർഡിഒയ്ക്കോ ജില്ലാ മജിസ്ട്രേട്ട് (ഡിഎം) എന്ന നിലയിൽ കലക്ടർക്കോ ഉത്തരവിറക്കാം.
മന്ത്രിമാരായ എം.ബി.രാജേഷിന്റെയും ജെ.ചിഞ്ചുറാണിയുടെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. കോടതിയലക്ഷ്യമാകുമെന്നതിനാൽ, ഇതു സംബന്ധിച്ച് പ്രത്യേക നിർദേശം സർക്കാർ നൽകിയില്ല. അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് നിയമം യോഗത്തിൽ വിശദീകരിച്ചു.
ആക്രമണകാരികളായ തെരുവുനായ്ക്കളുടെ കാര്യത്തിൽ ജനം നിയമം കയ്യിലെടുക്കരുതെന്ന് എം.ബി. രാജേഷ് പറഞ്ഞു. ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗമുള്ളതോ മാരകമായി മുറിവേറ്റതോ ആയ തെരുവുനായ്ക്കളുടെ ദയാവധം അനിമൽ ബെർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ അനുവദിച്ചതു പ്രകാരം നടപ്പാക്കും. എബിസി കേന്ദ്രങ്ങളുടെ നടത്തിപ്പുതന്നെ തടയുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും എതിരെ സുപ്രീം കോടതിയെ സമീപിക്കും.
നായ്ക്കളുടെ കാര്യത്തിൽ നടപടി ഇങ്ങനെ
∙ പൊതുജനശല്യമാകുന്ന മൃഗങ്ങളെക്കുറിച്ച് സിആർപിസി 133 വകുപ്പു പ്രകാരം പൊതുജനങ്ങൾക്കു പരാതിപ്പെടാം.
∙ ഈ മൃഗത്തെ കൊല്ലാൻ ആവശ്യമെങ്കിൽ ഇതേ സിആർപിസി വകുപ്പനുസരിച്ച് എസ്ഡിഎം/ഡിഎം എന്നിവർക്ക് ഉത്തരവിടാം.
∙ ഈ ഉത്തരവ് നടപ്പാക്കേണ്ടത് ‘നായയുടെ ഉടമസ്ഥൻ.’
∙ പുതുക്കിയ എബിസി ചട്ടങ്ങൾ പ്രകാരം തെരുവുനായയുടെ ‘ഉടമസ്ഥൻ’ പ്രാദേശിക സർക്കാർ.
∙ ജനങ്ങളുടെപരാതി പരിശോധിച്ച് എസ്ഡിഎം/ഡിഎം എന്നിവർക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാരോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടാം.