പ്രഭാതഭക്ഷണം തയാറാക്കുക എന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. രാവിലെ തന്നെ വിശദമായ പാചകം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ആയിരിക്കില്ല മിക്കവരും. അങ്ങനെയുള്ളവർക്കായി എളുപ്പം തയാറാക്കാവുന്നതും ഒപ്പം തന്നെ ആരോഗ്യകരവുമായ രണ്ടു അടിപൊളി വിഭവങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഗോതമ്പ്-മുരിങ്ങയില ദോശ
ഗോതമ്പിനൊപ്പം ഇലക്കറികളും ചേര്‍ത്തുള്ള പോഷകസമൃദ്ധമായ ഒരു ദോശയാണിത്. ഇതിനായി ആദ്യം ഗോതമ്പ് ദോശമാവിന്‍റെ പരുവത്തില്‍ കലക്കി വയ്ക്കുക ശേഷം ചീനച്ചട്ടിയില്‍ കുറച്ച് നെയ്യൊഴിച്ച് ചൂടാക്കി, അതിലേക്ക് മുരിങ്ങയില, സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് വഴറ്റി എടുക്കുക. ഇത് ഇട്ട് ഇളക്കി, മാവ് ദോശക്കല്ലിലേക്കൊഴിച്ച് ചുട്ടെടുക്കാം.
പ്രമേഹരോഗികള്‍ക്കും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പോലുള്ള അവസ്ഥകള്‍ ഉള്ളവര്‍ക്കുമെല്ലാം മികച്ച ഒരു ഭക്ഷണവിഭവമാണിത്. കൂടാതെ ധാരാളം മഗ്നീഷ്യവും ലഭിക്കുന്നു.
പ്രോട്ടീന്‍ ദോശ
രാവിലെ തന്നെ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെയും വിശപ്പില്ലാതെയും നില്ക്കാന്‍ സഹായിക്കും. ഇതിനായി പ്രത്യേകിച്ച് പുറത്തു നിന്നും ഒന്നും വാങ്ങേണ്ട ആവശ്യമില്ല, വീട്ടിലുള്ള ചെറുപയര്‍, കടല, വന്‍പയര്‍, സോയാബീന്‍ പരിപ്പ്, ഉഴുന്ന് മുതലായവ ഓരോ സ്പൂണ്‍ വീതം എടുത്ത് രാത്രി വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക.
രാവിലെ ഇത് കഴുകിയ ശേഷം മിക്സിയില്‍ ഇട്ട് ദോശ പരുവത്തില്‍ അടിച്ചെടുക്കാം. ഇത് ഉള്ളിച്ചമ്മന്തിയോ തക്കാളി ചട്ണിയോ കൂട്ടി കഴിക്കാവുന്നതാണ്.സ്വാദ് മാത്രമല്ല, ശരീരത്തിനാവശ്യമായ ആന്‍റി ഓക്‌സിഡന്റുകളും നൽകുന്നു