കറുകച്ചാൽ: മൂന്ന് ദിവസം തുടർച്ചയായി ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ നെടുംകുന്നം, കറുകച്ചാൽ മേഖലയിലുള്ളവരുടെ ആശങ്കയ്ക്ക് തുടരുന്നു. കഴിഞ്ഞ ദിവസം ജിയോളജി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ രാത്രി 10.43നു വീണ്ടും മുഴക്കവും പ്രകമ്പനവും ഉണ്ടായതാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.55നായിരുന്നു തുടക്കം. പിന്നീട് വ്യാഴാഴ്ച പുലർച്ചെ 2.16നും 7.15നും രാത്രി 10.43നുമാണ് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. 10.43ന് ഉണ്ടായ മുഴക്കം തീവ്രമായിരുന്നെന്നും വീടിന്റെ ജനാലകൾ വിറച്ചതോടെ മിക്കവരും പുറത്തിറങ്ങിയതായും നെടുംകുന്നം പഞ്ചായത്ത് 11–ാം വാർഡ് (കുമ്പിക്കപ്പുഴ) അംഗം റോയി നെച്ചികാട്ട് പറഞ്ഞു.
തുടർച്ചയായി ഒരേ മേഖലയിൽ തന്നെ മുഴക്കവും പ്രകമ്പനവും ഉണ്ടാകുന്നതാണ് പ്രദേശവാസികളെ പരിഭ്രാന്തരാക്കുന്നത്. ഭയക്കേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയിലുള്ള മർദവ്യത്യാസമാണ് പ്രകമ്പനങ്ങൾക്കു കാരണമെന്നുമുള്ള ജിയോളജി വകുപ്പിന്റെ കണ്ടെത്തൽ കൊണ്ട് നാട്ടുകാരുടെ ആശങ്കയ്ക്ക് പരിഹാരമായിട്ടില്ല.
സംഭവത്തിൽ വിശദമായ പഠനം നടത്തണമെന്നാണ് ആവശ്യം. സംഭവവുമായി ബന്ധപ്പെട്ട് നെടുംകുന്നം പഞ്ചായത്ത് അധികൃതർ ഇന്ന് കലക്ടറെ കാണുന്നുണ്ട്.