കൊൽക്കത്തയിലെ ഇഷാപുർ റൈഫിൾ ഫാക്ടറിയിൽനിന്ന് 9 എംഎം ഓട്ടോ പിസ്റ്റളുകൾ 23 എണ്ണം ഇന്നു വിമാനമാർഗം എത്തും. കഴിഞ്ഞവർഷം വാങ്ങിയ 60 പിസ്റ്റളുകൾക്കു പുറമേയാണിത്. ഇതോടെ ഫീൽഡിലെ ഇൻസ്പെക്ടർ റാങ്കിനു മുകളിലുള്ള എല്ലാ എക്സൈസ് ഉദ്യോഗസ്ഥർക്കും തോക്ക് ലഭിക്കും.
വർഷങ്ങൾക്കു മുൻപേ വാങ്ങിയ റിവോൾവറും 2011ൽ വാങ്ങിയ പോയിന്റ് 32 (.32) പിസ്റ്റളുമാണ് എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞവർഷംവരെ ഉപയോഗിച്ചുപോന്നത്. എല്ലാ ഉദ്യോഗസ്ഥർക്കും തോക്ക് കൊടുത്തിരുന്നില്ല. ഇതിനു പരിഹാരമായിട്ടാണു പുതിയ പിസ്റ്റൾ വാങ്ങാൻ ഒന്നരക്കോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചത്.
ലഹരിസംഘങ്ങളെ വെടിവയ്ക്കാൻ തോക്കായെങ്കിലും ആവശ്യത്തിനു വാഹനമില്ലെന്ന പ്രതിസന്ധി മാറിയിട്ടില്ല. വാഹനങ്ങളിൽ 120ലേറെ എണ്ണം 3 ലക്ഷം കിലോമീറ്ററിലധികം ഓടിയവയാണ്.
ഇതിൽ 34 എണ്ണം ഈ വർഷം 15 വർഷം തികയ്ക്കും. നിയമപ്രകാരം ഇവ പിന്നെ ഉപയോഗിക്കാനാകില്ല. എക്സൈസിനു വാഹനം വാങ്ങാൻ ബജറ്റിൽ 3 കോടി രൂപ വകയിരുത്തിയെങ്കിലും ഭരണാനുമതി നൽകിയിട്ടില്ല.
അബ്കാരി കേസുകളിൽപെട്ടതും സർക്കാരിലേക്കു കണ്ടുകെട്ടിയതുമായ 3 കാറുകൾ കഴിഞ്ഞദിവസം 3 റേഞ്ച് ഓഫിസുകൾക്കു കൈമാറിയിരുന്നു.