സംസ്ഥാനത്ത് ആശങ്കയായി ഡെങ്കിപ്പനി വ്യാപനം. പൂർണ ആരോഗ്യമുള്ള ചെറുപ്പക്കാരടക്കം 25 പേരുടെ ജീവനാണ് ഈ മാസം ഡെങ്കിപ്പനി കവർന്നത്. മിക്ക ജില്ലകളിലും ആശുപത്രി കിടക്കകൾ പനിബാധിതരെക്കൊണ്ട് നിറഞ്ഞു.
ശുദ്ധജലത്തിൽ പോലും വളരുന്ന ചെറിയ കൊതുകുകളാണ് ഡെങ്കിപ്പനിക്കു കാരണമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 21 മരണം രേഖപ്പെടുത്തി. ഇന്നലെ മരിച്ച 4 പേർ കൂടി ചേരുമ്പോൾ മരണസംഖ്യ 25 ആയി. 1,211 പേർക്ക് 21 ദിവസത്തിനിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
3,710 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ജൂലൈയോടെ ഡെങ്കിപ്പനി വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ വർഷവും മേയ് മുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്.
ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. മിക്ക ജില്ലകളിലും സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഇതോടെ സ്വകാര്യ ആശുപത്രികളോട് പനി ബാധിതർക്കായി കിടക്കകൾ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയും ശനി , ഞായർ ദിവസങ്ങളിലും പരിസര ശുചീകരണത്തിനു സർക്കാർ ആഹ്വാനം നൽകിയിട്ടുണ്ട്.