തൃശൂർ: ട്രോളിങ് നിരോധനം വന്നതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള ‘രാസമീൻ’ വരവു കുത്തനെ കൂടിയിരിക്കുകയാണ്. ഗുജറാത്ത്, ആന്ധ്ര, ബംഗാൾ സംസ്ഥാനങ്ങളിലെ ഹാർബറുകളിൽ നിന്നു മീൻപിടിക്കാൻ പോകുന്ന കൂറ്റൻ ഫിഷിങ് ട്രോളറുകൾ (യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾ) മീനുമായി തിരികെയെത്തുന്നത് ഒന്നോ രണ്ടോ ആഴ്ചയ്ക്കു ശേഷമാണ്.
പിടിക്കുന്ന മീൻ 18 ഡിഗ്രി സെൽഷ്യസിൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നു നിയമമുണ്ടെങ്കിലും ഇതു പലപ്പോഴും പാലിക്കപ്പെടാറില്ല. കരയിലെത്തിയാലും ഫ്രീസറിലോ ശീതീകരിച്ച കണ്ടെയ്നറുകളിലോ മീനുകൾ കയറ്റിവിടുന്നതിനു പകരം തെർമോകോൾ പെട്ടികളിൽ ഐസ് നിറച്ചാണു തൃശൂർ അടക്കമുള്ള ജില്ലകളിൽ ട്രെയിൻ മാർഗമെത്തിക്കുന്നത്.
ഏതാനും മണിക്കൂറിനുള്ളിൽ ഐസ് ഉരുകിയൊലിച്ചു പോകുകയാണു പതിവ്. തൃശൂരിലെത്തുമ്പോഴേക്കും മീൻ പുഴുത്തളിയും. ഈ സാഹചര്യമൊഴിവാക്കാൻ അമോണിയം ചേർക്കുന്ന രീതിയും സജീവമാണ്.
സൂനാമി ഇറച്ചി എന്നറിയപ്പെടുന്ന പഴകിയ മാംസവും പഴകിയ മീനുമൊക്കെ ട്രെയിൻ മാർഗം വ്യാപകമായി കയറ്റിറക്കു നടത്തുന്നുണ്ടെങ്കിലും പരിശോധിക്കാൻ ചുമതലയുള്ള റെയിൽവേ ഫുഡ് സേഫ്റ്റി വിഭാഗം അനങ്ങുന്നില്ല. തൃശൂർ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം 1570 കിലോ പുഴുവരിച്ച മീനെത്തിയപ്പോൾ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്കു തുനിഞ്ഞെങ്കിലും റെയിൽവേ അധികൃതർ സഹകരിച്ചില്ല.
രാസവസ്തുക്കളെ കണ്ടെത്താൻ കിറ്റ്
മീനിലെ അമോണിയം, ഫോർമലിൻ എന്നിവയുടെ സാന്നിധ്യം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം ക്വിക് ഡിറ്റക്‌ഷൻ കിറ്റുകൾ ഉപയോഗിക്കുന്നു. കിറ്റിനുള്ളിലെ നാട (സ്ട്രിപ്) മീനിന്റെ പുറത്തുരച്ച ശേഷം പ്രത്യേക ലായനിയിൽ മുക്കും. മായം കലർന്നതെങ്കിൽ ലായനിയുടെ നിറം നീലയാകും. തെർമോകോൾ പെട്ടിക്കുള്ളിലും ഐസിനുള്ളിലുമാണു രാസവസ്തുക്കൾ ചേർക്കുന്നതെങ്കിൽ ശാസ്ത്രീയ പരിശോധന മാത്രമാണു മാർഗം.
ഐസും മീനും തുല്യമാകണം
ഫ്രീസറുകളിലോ ശീതീകിച്ച കണ്ടെയ്നറുകളിലോ മാത്രമേ മീനും ഇറച്ചിയും കയറ്റിയിറക്കു നടത്താവൂ എന്നാണു നിയമം. കണ്ടെയ്നറുകളിലാണു കൊണ്ടുപോകുന്നതെങ്കിൽ ഒരു കിലോ മീനിന് ഒരു കിലോ ഐസ് എന്ന അനുപാതം പാലിക്കണം. എന്നാൽ, ഈ നിർദേശങ്ങളൊന്നും പാലിക്കപ്പെടാറില്ല. ശരിയായ അടച്ചുറപ്പില്ലാത്ത തെർമോകോൾ പെട്ടികളിൽ മീനിന്റെ അളവിന്റെ നാലിലൊന്നു മാത്രം ഐസ് നിറച്ചു കയറ്റിവിടലാണു പതിവ്.
വൃത്തിഹീനമായ വെള്ളമാണ് ഐസ് നിർമാണത്തിനുപയോഗിക്കുക എന്നതിനാൽ ഇവയുടെ നിറം പലപ്പോഴും ഇരുണ്ടതാകും. മീൻ പുഴുത്തളിയാതിരിക്കാൻ ഫോർമലിൻ, അമോണിയം എന്നിവ ചേർക്കുന്നതായി പലവട്ടം കണ്ടെത്തിയിട്ടുണ്ട്. മീനിലോ ഐസിലോ ഇവ കലർത്തുകയാണു പതിവ്. അൾസർ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ മുതൽ ഛർദി, വയറിളക്കം തുടങ്ങിയ അവസ്ഥകൾക്കും രാവസ്തുക്കൾ കാരണമാകും.
കണ്ടാൽ തിരിച്ചറിയാം
മീൻ വാങ്ങുമ്പോൾ ചെകിള തുറന്നുനോക്കിയാൽ തന്നെ കാലപ്പഴക്കത്തെക്കുറിച്ചു പ്രാഥമിക സൂചന ലഭിക്കും. നല്ല ചുവപ്പു നിറമായിരിക്കും പച്ചമീനിന്റെ ചെകിളയ്ക്ക്. ശരിയായ തണുപ്പിൽ സൂക്ഷിക്കാത്തതും പഴക്കമേറിയതുമായ മീനിന്റെ ചെകിള പതിയെ പച്ചനിറത്തിലേക്കു മാറും. ഫംഗസ് ബാധയാണ് ഇതിനു കാരണം.
പിങ്ക്, ചുവപ്പു നിറങ്ങളിലാണ് ചെകിളയെങ്കിൽ മാത്രമേ ഭക്ഷ്യയോഗ്യമായി കണക്കാക്കാനാകൂ. വിരൽകൊണ്ട് അമർത്തിയാൽ സ്പോഞ്ച് പോലെ അനങ്ങുന്നുവെങ്കിൽ പഴകിയ മീൻ തന്നെ. പച്ചമീൻ ദൃഢമായിരിക്കും. പുറത്തേക്കു തള്ളിയും തിളങ്ങുന്ന വിധത്തിലുമാണ് കണ്ണെങ്കിൽ മീൻ ഫ്രഷ് ആണ്. നിറംമങ്ങിയും കലങ്ങിയുമാണെങ്കിൽ കേടായതാണ്. അമിത ദുർഗന്ധവും വയർ വീർത്തുപൊട്ടിയുമാണെങ്കിൽ പഴയതു തന്നെ.