പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ക്യാൻസർ, ഡയാലിസിസ് വിഭാഗങ്ങളിലേക്ക് എത്തുന്ന രോഗികൾക്ക് ഇനി നടന്നു കയറി വിഷമിക്കേണ്ട. ഈ മന്ദിരത്തിലും രണ്ട് ബഡ് കം പാസഞ്ചർ ലിഫ്ടുകൾ സ്ഥാപിച്ചു പ്രവർത്തിപ്പിച്ചു തുടങ്ങി.
റാമ്പ് സൗകര്യമുണ്ടായിരുന്നുവെങ്കിലും ശയ്യാവലംബിയായ രോഗികൾക്ക് ഒ.പി.വിഭാഗങ്ങളിലേക്ക് നടന്നു കയറുക വിഷമമായിരുന്നു. നിരവധി തവണ കയറിയിറങ്ങേണ്ട ആരോഗ്യ പ്രവർത്തകർക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവശനിലയിലുള്ള രോഗികളെ വീൽ ചെയറുകളിലും സ്ട്രച്ചറുകളിലുമായി തള്ളികയററുന്നതും ഇതോടെ ഒഴിവായി.
നാലു ബഹുനില മന്ദിരങ്ങളിലായുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിൽ ഇതോടെ ആകെ എട്ട് പാസഞ്ചർ ലിഫ്ടുകളായി.ഇതോടെ എല്ലാ മന്ദിരങ്ങളിലേക്കും ആയാസരഹിതമായി രോഗികൾക്ക് കയറിച്ചെല്ലുവാൻ കഴിയും.വിവിധ മന്ദിരങ്ങളെ ബന്ധിപ്പിച്ച് പാലങ്ങളും റാമ്പ് സൗകര്യവും നിലവിലുണ്ട്.
പൊതുമരാമത്ത് വൈദ്യുത വിഭാഗമാണ് ലിഫ്ടുകൾ സ്ഥാപിച്ച് ആശുപത്രിക്ക് കൈമാറിയത്. നാൽപത് ലക്ഷത്തി മുപ്പതിനായിരം രൂപ ചിലവഴിച്ചാണ് ലിഫ്ട് സ്ഥാപിച്ചിരിക്കുന്നത്.
ഡയാലിസിസും കീമോതെറാപ്പി ഉൾപ്പെടെയുള്ള ക്യാൻസർ ചികിത്സകളും സൗജന്യമായി ലഭ്യമാക്കപ്പെടുന്നതിനാൽ നിരവധി പേരാണ് ഈ ബഹുനില മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒ.പി.വിഭാഗത്തിലും കിടത്തി ചികിത്സാ വിഭാഗത്തിലുമായി ഇവിടെ എത്തുന്നത്.