മുടികൊഴിച്ചിൽ കാരണം വിഷമിക്കുന്ന ധാരാളം ആളുകളുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്. മുടിയുടെ ആരോഗ്യം മോശമാകുന്നതാണ് ഇതിൻ്റെ പ്രധാന കാരണം.
കൃത്യമായി മുടിയ്ക്ക് വേണ്ട പോഷകങ്ങൾ നൽകുന്നതിലൂടെ മുടിയെ സംരക്ഷിക്കാൻ കഴിയും. കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമല്ല, മുടിയ്ക്ക് പുറമെ നൽകുന്ന പോഷകങ്ങളും വളരെ പ്രധാനമാണ്. മുടി സംരക്ഷണത്തിന് എല്ലാ വീട്ടിലെയും അടുക്കളയിൽ തന്നെ പരിഹാരമ മാർഗമുണ്ടെന്നതാണ് യാഥാർത്ഥ്യം.
മുടി സ്മൂത്തും സിൽക്കിയുമാക്കാൻ പെട്ടന്ന് തയ്യാറാക്കാവുന്ന ഒരു ഹെയർപാക്ക് നോക്കാം
വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് തയാറാക്കുന്നത് കൊണ്ട് തന്നെ വളരെ എളുപ്പമാണ് ഈ പായ്ക്ക് ചെയ്ത് എടുക്കാൻ. തേങ്ങാപ്പാലും കാപ്പിപൊടിയും മാത്രം മതി ഈ പായ്ക്ക് തയാറാക്കാൻ.
ആദ്യം ഒരു ചെറിയ ബൗൾ നിറച്ച് തേങ്ങാപ്പാൽ എടുക്കുക. തേങ്ങാ ചിരകിയെടുത്ത ശേഷം അതിൽ വെള്ളം ഒഴിച്ച് പിഴിഞ്ഞാണ് തേങ്ങാപ്പാൽ തയാറാക്കുന്നത്. അതിലേക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കാപ്പിപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
കട്ടയൊന്നുമില്ലാതെ വേണം ഈ പായ്ക്ക് തയാറാക്കി എടുക്കാൻ. കുറച്ച് വെള്ളം പോലെ തയാറാക്കിയ എടുത്ത ഈ പായ്ക്ക് മുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇത് കഴുകി വ്യത്തിയാക്കാം.