തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 98.5 കോടി രൂപയുടെ ജൽ ജീവൻ മിഷൻ പദ്ധതി നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മുഴുവൻ കുടുംബങ്ങളിലും ശുദ്ധീകരിച്ചു കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മലങ്കര ഡാമിലെ വെള്ളം ശുദ്ധീകരിച്ച് 6 പഞ്ചായത്തുകൾക്കായി തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വെട്ടിപറമ്പിൽ എത്തുന്ന പദ്ധതിയാണിത്.
വെട്ടിപ്പറമ്പിൽ നിന്നും ആനിയളപ്പ് - പഞ്ചായത്ത് ജംഗ്ഷൻ - കല്ലേക്കുളം - കുളത്തുങ്കൽ - മഞ്ഞപ്ര - വാളിയങ്കൽമല - മാടത്താനി - മലമേൽ- നാടുനോക്കി - വഴിക്കടവ് - കുരിശുമല എന്നീ പ്രദേശങ്ങളിലൂടെയാണ് പ്രധാനപ്പെട്ട പമ്പിങ് ലൈൻ സ്ഥാപിക്കുന്നത്. വാഗമൺ റോഡിന്റെ സമാന്തരപാതയും കൂടിയാണിത്.
നവീകരിച്ച വാഗമൺ റോഡിന്റെ സുരക്ഷിതത്വത്തിനും ടാങ്കുകൾക്ക് സ്ഥലങ്ങൾ ലഭിക്കുവാൻ കൂടുതൽ സാധ്യതയുള്ളതിനാലുമാണ് ഈ റൂട്ട് പമ്പിങ് ലൈനായി നിശ്ചയിച്ചത്. ഈ റൂട്ടിൽ വഴിക്കടവ് - നാടുനോക്കി - മലമേൽ - മാടത്താനി റോഡ് എട്ടു മീറ്റർ വീതിയിൽ ആറര കിലോമീറ്റർ ദൂരം പഞ്ചായത്ത് ആസ്തി രജിസ്റ്ററിലുള്ള വഴിയാണ്. ഇതിൽ രണ്ടര കിലോമീറ്റർ ദൂരം വാഹന ഗതാഗതത്തിന് യോഗ്യമാകാത്ത വഴിയാണ്. ഈ ഭാഗം ഗതാഗത യോഗ്യമാക്കുകയെന്നതും ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നു.
ഗ്രാമപഞ്ചായത്തിൽ 18 പോയിന്റുകളിലാണ് ടാങ്കുകൾ നിർമ്മിക്കുന്നത്. ഇതിൽ 11 സ്ഥലങ്ങൾ ഓരോ ബൂസ്റ്റിങ്ങ് സ്റ്റേഷനുകളാണ്. ത്രീ ഫേസ് വൈദ്യുതി ലൈനുകളും ഈ വഴി സ്ഥാപിക്കും. ഗ്രാമപഞ്ചായത്തിലെ കല്ലേക്കുളം, കുളത്തുങ്കൽ, മഞ്ഞപ്ര, വാളിയാങ്കൽമല മാടത്താനി, മലമേൽ, നാടു നോക്കി, വഴിക്കടവ്, കുരിശുമല, ചോറ്റുപാറ, ഒറ്റയീട്ടി, കട്ടുപ്പാറ, ഇഞ്ചപ്പാറ, തുമ്പശ്ശേരി, മുപ്പത്തേക്കർ എന്നീ 18 സ്ഥലങ്ങളിലാണ് ടാങ്കുകൾ നിർമ്മിക്കുന്നത്.
മലമേൽ വാർഡിൽ തന്നെ ആറ് ടാങ്കുകളാണുള്ളത് . 18 സ്ഥലങ്ങളിൽ നാലു സ്ഥലങ്ങൾ സർക്കാർ ഭൂമിയാണ്. ബാക്കിയുള്ള 14 സ്ഥലങ്ങളിൽ 10 സ്ഥലങ്ങളിലും നിലവിൽ സൗജന്യമായി ഭൂമികൾ ലഭിച്ചു കഴിഞ്ഞു. നാലു സ്ഥലങ്ങൾ കൂടി ഉടൻ കണ്ടെത്തും. 18 സ്ഥലങ്ങളിലായി 90 സെന്റ് സ്ഥലം ആണ് ആകെ പദ്ധതിക്കായി വേണ്ടി വരുന്നത്. വിവിധ വാർഡുകളിലുള്ള നിലവിലെ ജലനിധി പദ്ധതികളുടെ ടാങ്കുകളിലും കുടിവെള്ളം എത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ടാങ്കുകളുടെ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ പദ്ധതി നിർവഹണം നടത്തുന്ന കേരള വാട്ടർ അതോറിറ്റി സോയിൽ ടെസ്റ്റ് നടത്തി വരുന്നതായി പ്രസിഡന്റ് കെ.സി ജെയിംസ് അറിയിച്ചു.