പാലാ: ജൽ ജീവൻ മിഷൻ ഇംപ്ലിമെന്റിങ്ങ് സപ്പോർട്ട് ഏജൻസിയെന്ന നിലയിൽ ഗ്രാമപഞ്ചായത്തുകളിൽ ത്രികക്ഷി കരാർ പ്രകാരം പ്രവർത്തനം പൂർത്തീകരിച്ച ഐ.എസ്.എ കൾക്ക് ഫണ്ടു ലഭിക്കുന്നതിലുള്ള തടസ്സം അടിയന്തിരമായി പരിഹരിക്കണമെന്ന് ഐ.എസ്.എ പ്രതിനിധി സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ഒപ്പുവെച്ച കവറിങ്ങ് ലെറ്ററോടു കൂടി കേരള വാട്ടർ അതോറിറ്റിയുടെ ജില്ലാതല ഓഫീസിൽ സമർപ്പിക്കുന്ന ക്ലയിം അപേക്ഷകൾ ഡിസ്ട്രിക്റ്റ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ യോഗത്തിൽ പാസ്സാക്കി തിരുവനന്തപുരം ജലനിധി ഓഫീസിലേക്ക് അയ്ക്കുന്നതിൽ വരുന്ന അനന്തമായ കാല താമസവും ജലനിധിയുടെ ഹെഡ് ഓഫിസിൽ നിന്ന് പ്രോസസിങ്ങ് പൂർത്തീകരിച്ച് ജൽ ജീവൻ മിഷൻ ഡയറക്ടറേറ്റ് എന്ന നിലയിൽ കേരള വാട്ടർ അതോറിറ്റിയുടെ ഹെഡ് ഓഫീസിലേക്ക് അയയ്ക്കുന്നതിൽ വരുന്ന കാലവിളംബവും അവിടെ നിന്ന് ഫണ്ട് റിലീസു ചെയ്യാൻ വൈകുന്നതും കരാർ വ്യവസ്ഥകളുടെ ലംഘനവും ഐ.എസ്.എ. കൾക്ക് വലിയ നഷ്ടങ്ങൾക്ക് കാരണമാകുന്നതുമാണന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാനും കേരള സോഷ്യൽ സർവ്വീസ് ഫോറം ജെ.ജെ. എം കൺവീനറുമായ ഡാന്റീസ് കൂനാനിക്കൽ ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രോജക്ട് ഓഫീസർമാരായ എബിൻ ജോയി, ഷീബാ ബെന്നി, ഉല്ലാസ്.സി.എസ്, ജോബി മണിയങ്ങാട്ട്, അനു സാബു, ഫ്രാൻസീസ് സജി, സിവിൽസൺ സെബാസ്‌റ്റ്യൻ, ബിബിൻ തോമസ്, അമൽ ജോസ് , ജിൻസി ജോസ്, ജെയ്സി മാത്യു, ജൂബൽ ജോസ്, ആഷ്‌ലി ജോസ്, സാലി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.