കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് (കെ ഫോൺ) ഉദ്ഘാടനം ചെയ്തെങ്കിലും ഇന്റർനെറ്റ് കണക്‌ഷൻ ആവശ്യക്കാരിലെത്താൻ ഒരു മാസത്തിലധികം സമയമെടുക്കും. കണക്‌ഷനു വേണ്ടിയുള്ള അപേക്ഷകൾ ജൂലൈയിലാണു പരിഗണിക്കുക. ഓരോ പ്രദേശത്തും കേബിൾ സ്ഥാപിച്ചു കണക്‌ഷൻ നൽകുന്നതിനു പ്രാദേശിക സേവനദാതാക്കളെയാണ് (കേബിൾ ടിവി ഓപ്പറേറ്റർമാർ) ഉപയോഗിക്കുന്നത്.
‘എന്റെ കെ ഫോൺ’ എന്ന പേരിൽ ഇന്നലെ മുതൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമായിട്ടുണ്ട്. ഇതിനകം അയ്യായിരത്തിലേറെ അപേക്ഷകൾ ലഭിച്ചു.
ഇവ പ്രാദേശിക സേവനദാതാക്കൾക്കു കൈമാറും. ഇവരാണു വീടുകളിൽ കണക്‌ഷൻ നൽകുക. കേബിൾ സ്ഥാപിക്കുന്നതു കെ ഫോണിന്റെ ചെലവിലാണ്. ഉപയോക്താവു പണം നൽകേണ്ടതില്ല. ഉപയോക്താവു നൽകുന്ന മാസവാടകയുടെ 50% കെ ഫോൺ ഈ സേവനദാതാവിനു നൽകും.
വാണിജ്യ സ്ഥാപനങ്ങൾക്കു കണക്‌ഷൻ നൽകാറായിട്ടില്ല. കെ ഫോണിനു ബിസിനസ് സംഘടിപ്പിച്ചുകൊടുക്കുന്നതിനുള്ള മാനേജ്ഡ് സർവീസ് പ്രൊവൈഡറായി എസ്ആർഐടിയെ നിയമിച്ചിട്ടുണ്ട്. ഇവർ വഴിയാണു വാണിജ്യ കണക്‌ഷൻ നൽകുക. ഓഗസ്റ്റോടെ ഇതിനു തുടക്കമാകും. വാണിജ്യ കണക്‌ഷന്റെ നിരക്കും അപ്പോൾ തീരുമാനിക്കും.