കോട്ടയം: പോക്സോ കേസിൽ മൂന്ന് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ മോൻസൺ മാവുങ്കൽ എന്ന തട്ടിപ്പുകാരന് മാപ്പു കൊടുക്കുവാനുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തീരുമാനം തന്നെയാണോ കേരളത്തിലെ മറ്റു കോൺഗ്രസ് നേതാക്കന്മാർക്കും ഉള്ളതെന്ന് വെളിപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡൻ്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. പോക്സോ കേസിൽ ഈ വലിയ ശിക്ഷ കോടതി വിധിച്ചിട്ടും യാതൊരു ഉളുപ്പുമില്ലാതെ പ്രതിയെ ന്യായീകരിക്കുകയും മാപ്പു നൽകുകയും ആണ് കെപിസിസി പ്രസിഡന്റ് ചെയ്യുന്നത്.
കോടതി ശിക്ഷ വിധിക്കുന്ന പ്രതികൾക്ക് മാപ്പ് നൽകുവാനുള്ള അധികാരം വ്യവസ്ഥകൾക്ക് വിധേയമായി ഇന്ത്യൻ പ്രസിഡന്റിനാണ് ഉള്ളത്, എന്നാൽ പോക്സോ കേസ് പ്രതികൾക്ക് ഇന്ത്യൻ പ്രസിഡണ്ടും മാപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ മോൺസൺ മാവുങ്കലും ആയിട്ടുള്ള സന്തതസഹവാസത്തിന് തെളിവുകൾ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഈ സന്ദർഭത്തിലാണ് യാതൊരു മര്യാദയും ഇല്ലാതെ കൊടിയ പ്രതിയെ ന്യായീകരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ച് പൊതുപ്രവർത്തനം അവസാനിപ്പിക്കുവാൻ ആവശ്യപ്പെടുകയാണ് സഹ കോൺഗ്രസ് നേതാക്കൾ ചെയ്യേണ്ടത് അല്ലാത്തപക്ഷം കോൺഗ്രസിന്റെ സ്ഥിതി സംസ്ഥാനത്ത് ദയനീയം ആയിരിക്കുമെന്നും ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.