പാലാ: ഗോഡ്സ് ഓൺ കൺട്രിയായി അറിയപ്പെടുന്ന കേരളത്തെ ഡോഗ്സ് ഓൺ കൺട്രി എന്നാക്കി മാറ്റാൻ ഇടവരുത്തരുതെന്ന് മാണി സി സി കാപ്പൻ എം എൽ എ പറഞ്ഞു. തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള വന്യജീവികൾക്കു മനുഷ്യനെക്കാൾ പ്രാധാന്യം നൽകുന്ന നടപടി ന്യായീകരിക്കാനാവില്ല.
കുരുന്നുകൾ മുതൽ പ്രായമായവർ വരെയുള്ളവരെ വീടുകളിൽ കയറിപോലും തെരുവ് നായ്ക്കൾ ആക്രമിക്കുന്ന വീഡിയോകൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിനെതിരെ നടപടി എടുക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിമുഖത കാട്ടുകയാണ്. ഇത് അംഗീകരിക്കാനാവില്ല. മനുഷ്യജീവനു ഭീഷണിയാകുന്ന നായ്ക്കൾക്കു വേണ്ടിവരെ ശബ്ദം ഉയരുന്ന കേരളത്തിൽ മനുഷ്യനു വേണ്ടി ശബ്ദമുയരണം.
പാലായിൽ ഭാഗ്യവശാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ പാലാക്കാർ ജാഗരൂകരാണ്. മനുഷ്യനെ ഉപദ്രവിക്കുന്ന ജീവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാലാക്കാർക്ക് അറിയാം.
മനുഷ്യനെ മരണത്തിനു വിധേയനാക്കും വിധം ഉപദ്രവകാരികളായ ജീവികളെ കൈകാര്യം ചെയ്യാനുതകുംവിധം നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്നും കാപ്പൻ നിർദ്ദേശിച്ചു.