ഞാറ്റുവേലകളിലെ രാജാവായാണ് “തിരുവാതിര ഞാറ്റുവേല” അറിയപ്പെടുന്നത്. ഇതിനാൽ ഒരു കാർഷിക വർഷത്തിന്റെ ആരംഭവും ഈ ദിനത്തിലാണ്.ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22ന് ( മിഥുനം -7) വൈകുന്നേരം 5.48 ന് ആരംഭിക്കും. മലയാളിയുടെ കാർഷിക ചക്രം രൂപപ്പെടുത്തിയത് തന്നെ ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയാണ്. കാർഷിക മേഖലയുടെ വരദാനമായാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്.
സൂര്യന്റെ സമയമാണ് ഞാറ്റുവേലയായി കണക്കാക്കുന്നത്. ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്.
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് പതിനഞ്ച് ദിവസമാണ്.
ഇന്നു (ജൂൺ 22) മുതൽ ഏകദേശം രണ്ടാഴ്ചക്കാലത്തോളമാണ് ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല. തുടർച്ചയായി മഴ ലഭിക്കുന്ന സമയമായതിനാൽ കുരുമുളക് ഉൾപ്പെടെ പലതും നടാൻ പറ്റിയ കാലമായി കാർഷിക കേരളം ഈ വേളയെ കരുതുന്നു. സംസ്ഥാനത്ത് ജൂൺ 8 ന് എത്തിയ കാലവർഷം ഇതുവരെ സജീവമായിട്ടില്ലെന്നതാണ് യാഥാർഥ്യം. തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാ മഴ എന്നാണ് പഴഞ്ചൊല്ല്.
സംസ്ഥാനത്ത് ജൂൺ 1 മുതൽ ഇന്നലെ(ജൂൺ 21) വരെ ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ കുറവാണുള്ളത്. ഏറ്റവും കുറവ് മഴ വയനാട്ടിലാണ്. ഇവിടെ 80 ശതമാനത്തിന്റെ കുറവാണുള്ളത്.
അതേസമയം ജൂൺ അവസാന വാരത്തോടെ മഴ സജീവമാകുമെന്നാണ് നിഗമനം. ബംഗാൾ ഉൾക്കടലിലും മറ്റും കാറ്റ് സജീവമായിട്ടുണ്ട്. മാസാവസാനത്തോടെ ന്യൂനമർദവും എത്തിയേക്കും.
ജൂലൈയിൽ സാമാന്യം ഭേദപ്പെട്ട തോതിൽ മഴ ലഭിച്ചേക്കും എന്നാണ് അനുമാനം. അഖിലേന്ത്യാ തലത്തിൽ മഴയുടെ കുറവ് ഏകദേശം 30 ശതമാനമാണ്. ആദ്യഘട്ടത്തിൽ പെയ്യേണ്ട മഴയെ മുഴുവനായി ഗുജറാത്ത് തീരത്ത് വീശിയടിച്ച ബിപോർജോയി ചുഴലിക്കാറ്റ് വലിച്ചെടുത്തതാണു കേരളത്തിനു വിനയായത്.