എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇനി പത്രവായനയും അനിവാര്യം. ഈ പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര–പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഇതിന്റെ മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. പി.എൻ.പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കുമാണു തുടർമൂല്യ നിർണയത്തിലൂടെ സ്കൂൾതലത്തിൽ നൽകുന്നത്. പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ചാണ് ഈ മാർക്ക് നിശ്ചയിക്കുന്നത്.
ഇതിൽ 10 മാർക്ക് പത്ര–പുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകാനാണു തീരുമാനം. പത്രവായനയിലൂടെയും പുസ്തകവായനയിലൂടെയും സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.