മണാശ്ശേരി: കോഴിക്കോട് മുക്കം മണാശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം. ബിജു എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. യൂണിഫോം ധരിച്ചെത്തിയ ഒരു സംഘം വിദ്യാര്‍ഥികളാണ് ബിജുവിനെ മര്‍ദ്ദിച്ചത്. കുപ്പിയില്‍ പെട്രോള്‍ നല്‍കില്ലെന്ന് പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. മുക്കം മണാശ്ശേരി ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലാണ് അക്രമം നടന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു മര്‍ദ്ദനം.
കുപ്പിയില്‍ പെട്രോള്‍ വാങ്ങാന്‍ എത്തിയ വിദ്യാര്‍ഥിയോട് പെട്രോള്‍ നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് പോവുകയും പിന്നീട് മറ്റു വിദ്യാര്‍ഥികളെ കൂട്ടി വന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
എലത്തൂര്‍ ട്രെയിനപകടം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ക്ക്് ശേഷം പെട്രോള്‍ പമ്പുകളില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ നല്‍കാറില്ല. പെട്രോള്‍ പമ്പ് ഡീലേഴ്‌സ് അസോസിയേഷനുകള്‍ സംയുക്തമായെടുത്ത തീരുമാനമാണിത്. അതിനാലാണ് വിദ്യാര്‍ഥികള്‍ കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാവില്ല എന്ന് ജീവനക്കാര്‍ അറിയിച്ചത്.
എന്നാല്‍ ഇതില്‍ പ്രകോപിതരായ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണോ കോളേജ് വിദ്യാര്‍ഥികളാണോ എന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് ധാരണയില്ല.
സംഭവത്തില്‍ പമ്പ് ഉടമ മുക്കം പോലീസില്‍ പരാതി നല്‍കി. ജീവനക്കാരുടെ കയ്യിലുണ്ടായിരുന്ന ബാഗിലെ പണവും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.