തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തിയെന്ന മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാതി എഡിജിപി അന്വേഷിക്കും. ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കോൺഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണ ചുമതല.
സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസിൽ 2 ദിവസം ചെലവിട്ട് സമ്പന്നരിൽനിന്നു പണം കൈപ്പറ്റിയെന്നും അതിൽ 2 കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താൻ സാക്ഷി ആണെന്നുമാണു ശക്തിധരൻ ആരോപിച്ചത്. ആ പണം കൈതോലപ്പായയിൽ പൊതിഞ്ഞ് ഇന്നോവ കാറിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.