രാജ്യത്തു പുതുതായി തുടങ്ങുന്ന എല്ലാ മെഡിക്കൽ കോളജുകളിലും (സർക്കാർ/സ്വകാര്യ മെഡിക്കൽ കോളജുകൾ) പോസ്റ്റ്മോർട്ടം അനുവദിക്കണമെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ. സ്ത്രീകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഒരു ജീവനക്കാരിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ പങ്കെടുക്കണമെന്നും അതിനായി ആവശ്യത്തിനു വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നും കരടു വ്യവസ്ഥകളിൽ പറയുന്നു.
പുതിയ മെഡിക്കൽ കോളജുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, എംബിബിഎസ് കോഴ്സിലെ സീറ്റ് വർധന എന്നിവയെക്കുറിച്ചു ദേശീയ മെഡിക്കൽ കമ്മിഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ നിർദേശങ്ങളിലാണ് ഇക്കാര്യം. ഫൊറൻസിക് വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കാനാകും വിധത്തിലാണു വ്യവസ്ഥകൾ.
പോസ്റ്റ്മോർട്ടം പോലെ ഗൗരവമുള്ള മെഡിക്കൽ ലീഗൽ പരിശോധനകൾ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതു ജാഗ്രതയോടെ വേണമെന്ന അഭിപ്രായവും വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ടെങ്കിലും കരടുവ്യവസ്ഥകളിൽ ഇക്കാര്യം പരാമർശിക്കുന്നില്ല.
വ്യവസ്ഥകളിൽ ചിലത്
∙ മെഡിക്കൽ കോളജുകളിൽ 400 ചതുരശ്ര അടിയിൽ കുറയാത്ത മോർച്ചറി–കം–പോസ്റ്റ്മോർട്ടം ബ്ലോക്ക് ഉണ്ടാകണം.
∙ സ്വകാര്യ ആശുപത്രിയിലെ വിദ്യാർഥികളെ പരിശീലിപ്പിക്കാൻ സർക്കാർ, ജില്ലാ ആശുപത്രികൾ തമ്മിൽ ധാരണാ പത്രം വേണം.
∙ സ്രവ പരിശോധനയ്ക്കും മറ്റുമായി ആധുനിക സൗകര്യങ്ങളോടു കൂടി ലബോറട്ടറിയും പോസ്റ്റ്മോർട്ടം ബ്ലോക്കിന് അടുത്തു വേണം.
∙ പോസ്റ്റ്മോർട്ടത്തിന്റെ എണ്ണക്കൂടുതൽ അനുസരിച്ചു ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണം.