സംസ്ഥാനത്ത് മലയോരമേഖലയിലും തീരദേശത്തും കാലവർഷത്തിന്റെ ഭാഗമായ മഴ തുടരുന്നു. ഞായറാഴ്ച വരെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിനു വിലക്കുള്ളത്. കടലിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. കേരളതീരത്ത് 3.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.
തീരപ്രദേശത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും മറ്റ് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റണം.
വിനോദ സഞ്ചാരികൾ കടൽത്തീരങ്ങളിൽ പോകുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി, നെയ്യാറ്റിൻകര, അഞ്ചൽ എന്നിവിടങ്ങളിൽ 6 സെന്റിമീറ്റർ വീതം മഴ രേഖപ്പെടുത്തി. എറണാകുളം ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി.