തുടക്കത്തിൽതന്നെ കാലവർഷം ചിതറിപ്പോകാൻ കാരണമായ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യൂനമർദമായി മാറിയപ്പോൾ, അതിന്റെ സ്വാധീനത്തിൽ രണ്ടുഭാഗമായി പിരിഞ്ഞ കാലവർഷക്കാറ്റ് മഴ ലഭ്യതയെക്കുറിച്ചുളള ആശങ്ക വർധിപ്പിക്കുന്നു.
കാറ്റ് വിഭജിച്ചതോടെ കേരളത്തിൽ ശക്തമായ തുടർമഴ ലഭിക്കേണ്ട സീസണിൽ പലയിടത്തും ഒറ്റപ്പെട്ട, കുറഞ്ഞ അളവിലുളള മഴ മാത്രമാണ് ലഭിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയിൽനിന്ന് പെട്ടെന്നു കാര്യമായ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം.
അടുത്തദിവസമൊന്നും തുടർച്ചയായ മഴയ്ക്ക് വഴിയൊരുക്കിയേക്കാവുന്ന സൂചനകൾ സമീപത്തുപോലും ഇല്ല. പകരം ഇടവിട്ടുള്ള ഒറ്റപ്പെട്ട മഴകളാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യം സംസ്ഥാനത്തെ കാർഷികമേഖലയെ താറുമാറാക്കും.
വിളകളിൽ നിന്നുള്ള ഉൽപാദനം കുറയും. കീടബാധകളും വ്യാപകമാകാം. പച്ചക്കറികൾക്ക് ഉൾപ്പെടെ വില വർധിക്കും. പെയ്തും പെയ്യാതെയും നിന്ന്, ജൂലൈ, ഒാഗസ്റ്റ് മാസങ്ങളിലായി പെട്ടെന്ന് ന്യൂനമർദങ്ങളും ചുഴലിയും ഒന്നിനുപിന്നാലെ ഒന്നായി രൂപംകൊളളാനുളള സാധ്യതയും, ശാന്തസമുദ്രത്തിലെ ശക്തമായ ഉഷ്ണജലപ്രവാഹ (എൽനീനോ) പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.
മഴ പിന്നീട് ഒന്നിച്ചുവരുമോ എന്ന ചോദ്യവും വിദഗ്ധർക്കിടയിലുണ്ട്. കൊച്ചിയിലെത്തി പ്രതീക്ഷ നൽകിയ കാലവർഷക്കാറ്റ്, പിന്നീട് ശക്തി കൂടിയും കുറഞ്ഞുമാണ് വഴിമാറി പോയത്. ഐഎംഡി പ്രവചനമനുസരിച്ച് അടുത്തദിവസം മംഗളൂരു–ഗോവ മേഖലയിൽ നല്ല മഴ ലഭിക്കും.
എൽനീനോയുടെ വ്യാപ്തി വേഗത്തിൽ കൂടുന്നുവെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികളുടെ റിപ്പോർട്ട്. അത് കടലുകളെ വലിയതോതിൽ ചൂടുപിടിപ്പിക്കുന്നത് മൺസൂണിനെ പ്രതികൂലമായി ബാധിച്ചുതുടങ്ങി.