കേരളം ഒരു വർഷം ഉപയോഗിച്ച ഗുളികകളുടെ കൂടുകൾ ശേഖരിച്ചു തൂക്കിയപ്പോൾ 7774 കിലോഗ്രാം (7.774 ടൺ). ക്ലീൻ കേരള കമ്പനി ഹരിതകർമ സേന വഴി 2022–23 സാമ്പത്തിക വർഷം ശേഖരിച്ച ടാബ്‍ലെറ്റ് സ്ട്രിപ്പുകളുടെ കണക്കാണിത്.
ശേഖരിക്കാതെ പോയവ ഇതിലേറെയുണ്ടാകും. 2022ൽ കേരളം മരുന്നിനു ചെലവാക്കിയ തുക 12,500 കോടിയോളമെന്നാണ് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ കണക്കാക്കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 3.02 കോടി കിലോഗ്രാം (30,217 ടൺ) പാഴ്‌വസ്തുക്കളാണ് ഹരിതകർമസേന ശേഖരിച്ചു കമ്പനിക്കു നൽകിയത്. ഇതിൽ നിന്നു വേർതിരിച്ചെടുത്തതാണ് ഏതാനും ഗ്രാം വീതം തൂക്കമുള്ള നേർത്ത സ്ട്രിപ്പുകൾ.
പ്രത്യേകതരം പ്ലാസ്റ്റിക് ആയതിനാലാണ് ഇവ വേർതിരിച്ചെടുത്തത്. കൊച്ചിയിലെ ബയോ മെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റിൽ ഇവ ശാസ്ത്രീയമായി സംസ്കരിക്കും. ചില സ്ട്രിപ്പുകൾക്ക് ഉത്തരേന്ത്യയിൽ പുനരുപയോഗ സാധ്യത ഉണ്ടെങ്കിലും അവ എത്തിക്കാനുള്ള ചെലവ് കൂടുതലാണെന്ന് ക്ലീൻ കേരള കമ്പനി അധികൃതർ പറഞ്ഞു.