ലോകത്തുള്ള 71,000 ജീവിവര്‍ഗങ്ങളില്‍ 48 % വരുന്നവയുടെയും എണ്ണം കുറയുന്നതായി പഠനം. 49 % വരുന്നവയുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. 3 ശതമാനത്തോളം ജീവിവര്‍ഗങ്ങള്‍ മാത്രമാണ് എണ്ണത്തില്‍ വര്‍ധിച്ചത്.
ഭൂമിയിലുള്ള ജീവി വര്‍ഗങ്ങളില്‍ 28 ശതമാനവും ഏതെങ്കിലും തരത്തില്‍ വംശനാശ ഭീഷണി നേരിടുന്നു. വന്യജീവികളുടെയും മറ്റും വംശനാശത്തെ കേന്ദ്രീകരിച്ചായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന പഠനങ്ങളെങ്കില്‍ ഇപ്പോള്‍ നടത്തിയ പഠനം എണ്ണത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ബയോളജിക്കല്‍ റിവ്യൂസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സസ്തനികള്‍, പക്ഷികള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍, മത്സ്യങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുളളതാണ് പുതിയ പഠനം. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗങ്ങളെ തിരികെ കൊണ്ടു വരിക പ്രാവര്‍ത്തികമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആവാസവ്യവസ്ഥാ നാശം പോലെയുള്ളവ വന്യജീവികള്‍ അഭിമുഖീകരിക്കുന്ന പ്രതികൂല ഘടകങ്ങളാണ്. ഭൂമിയില്‍ മൂന്നില്‍ രണ്ട് വരുന്ന ജീവിവിഭാഗങ്ങളുടെയും വാസസ്ഥലമാണ് മഴക്കാടുകള്‍.
കഴിഞ്ഞ മൂന്ന് നൂറ്റാണ്ടിനിടെ ലോകത്തിന് 1.4 കോടി സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന വനപ്രദേശം നഷ്ടമായെന്ന് ഐക്യരാഷ്ട്ര സഭ പുറത്തു വിട്ട് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.