കടലിനടിയിലുള്ള ടൈറ്റാനിക് കപ്പൽ കാണാൻ ആഴക്കടലിലേക്കു പോയ ‘ടൈറ്റൻ’ സമുദ്രപേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും കൊല്ലപ്പെട്ടെന്ന് പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെഡിഷൻസ് കമ്പനി സ്ഥിരീകരിച്ചു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും മൃതദേഹങ്ങൾ വീണ്ടെടുക്കുക ദുഷ്കരമാകുമെന്നും യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
പേടകത്തിന്റെ മുൻഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് കണ്ടെത്തിയത്. സമ്മർദത്തിൽ പേടകം പൊട്ടിത്തെറിച്ചതായാണ് നിഗമനം.
കടലിന്റെ അടിത്തട്ടിലുള്ള തിരച്ചിൽ തുടരുമെന്നും അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ ഇതുവഴി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റനിന്റെ പിൻഭാഗത്തുള്ള കോണാകൃതിയിലുള്ള ഭാഗമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതൽ അവശിഷ്ടങ്ങൾ ലഭിക്കുകയായിരുന്നു.