തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിയുടെ വില കുതിക്കുന്നു.ഒരു ദിവസം കൊണ്ട് കൂടിയത് ഇരട്ടിയോളം വിലയാണ്. 60രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപവരെയായി പലയിടങ്ങളിലും.
ചില്ലറ വില 125 രൂപവരെയായി ഉയരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ 60 മുതല്‍ എഴുപത് രൂപവരെയായിരുന്നു തക്കാളിയുടെ മൊത്തവില. ഇതാണ് ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തില്‍ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത്.
വിളവു കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് തക്കാളി എത്തുന്നതും ഗണ്യമായി കുറഞ്ഞു. വില ഉടനെയൊന്നും കുറയാന്‍ സാധ്യതയില്ലെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.
ആന്ധ്രയിലെ കര്‍ണൂല്‍, ചിറ്റൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന കിലോഗ്രാമിന് നൂറ് രൂപയായി. ഇവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ തക്കാളി എത്തുന്നത്. മൊത്ത വ്യാപാര വിപണികളിലേക്ക് വരവ് കുറഞ്ഞതാണ് വിലയില്‍ അസാധാരണ വര്‍ധന സൃഷ്ടിച്ചത്.