കടുത്തുരുത്തി: കോട്ടയം വഴിയുള്ള മംഗലാപുരം തിരുവനന്തപുരം റെയിൽവേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുമ്പോളും കാര്യമായ പ്രയോജനം ലഭിക്കാതെ കോട്ടയം എറണാകുളം റൂട്ടിലെ യാത്രക്കാർ. വർഷങ്ങൾ കാത്തിരുന്ന് പൂർത്തിയായ ഇരട്ടപ്പാതയിലൂടെ കഴിഞ്ഞ മെയ് മാസത്തിൽ യാത്രാ തീവണ്ടികൾ ഓടി തുടങ്ങിയപ്പോൾ വലിയ പ്രതീക്ഷയിൽ ആയിരുന്നു കോട്ടയം എറണാകുളം റൂട്ടിലെ യാത്രക്കാർ.
എന്നാൽ ക്രോസിങ്ങിനായുള്ള പിടിച്ചിടലുകൾ ഒഴിവായതല്ലാതെ മറ്റ് വ്യത്യാസങ്ങൾ ഒന്നും സംഭവിച്ചില്ല എന്നു മാത്രമല്ല മുമ്പുണ്ടായിരുന്ന രണ്ടു ട്രെയിനുകളുടെ സ്റ്റോപ്പും ഇല്ലാതായി. 6 പ്ലാറ്റ്ഫോമുകളും ആയി നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് മലബാർ മേഖലയിലേക്ക് അടക്കം കൂടുതൽ ട്രെയിനുകൾ ആരംഭിക്കുക, നവീകരിച്ച വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ അടിസ്ഥാന കാര്യങ്ങൾ ഇപ്പോളും മാറ്റമില്ലാതെ ആവശ്യങ്ങളായി തുടരുന്നു.
ഇരട്ടപ്പാത വന്നു; 2 ട്രെയിനുകൾ പോയി
ഇരട്ടപ്പാത ആക്കുന്നതിന് മുൻപ് സർവീസ് നടത്തിയിരുന്ന 56387 എറണാകുളം കായംകുളം പാസഞ്ചർ, 56388 കായംകുളം എറണാകുളം പാസഞ്ചർ ട്രെയിനുകൾക്ക് ഇപ്പോൾ വൈക്കം റോഡ് അടക്കം പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ് ഇല്ല.
മെമു സ്പെഷ്യൽ ആയപ്പോളാണ് ഈ ദുരിതം. ഇരട്ടപ്പാതക്ക് മുൻപ് 05:05ന് കായംകുളത്ത് നിന്നും പുറപ്പെട്ട് 06:13ന് കോട്ടയം എത്തി 08:10ന് എറണാകുളം എത്തിയിരുന്ന 56388 നമ്പർ പാസഞ്ചർ കോട്ടയത്ത് ജോലി ചെയ്യുന്ന ആയിരങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.
എന്നാൽ ഇപ്പോൾ 16310 മെമു ആയതിൽ പിന്നെ സമയം മാറ്റി വൈകിട്ട് 3ന് കായംകുളത്ത് നിന്നും പുറപ്പെട്ട് 04:02ന് കോട്ടയം എത്തി 05:50ന് എറണാകുളം എത്തുന്ന വിധത്തിൽ ആയ സർവീസ് ആർക്കും പ്രയോജനപ്രദമല്ല. നിലവിൽ വൈകിട്ട് 05:20ന് ഉള്ള എറണാകുളം പാസഞ്ചർ ട്രെയിൻ പോയാൽ പിന്നീട് എറണാകുളം ഭാഗത്തേക്ക് പാസഞ്ചർ ട്രെയിനുകൾ ഇല്ല.കോട്ടയത്തെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ 05:20ന് ഈ ട്രെയിൻ പിടിക്കാൻ വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും അടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് ആർക്കും സാധിക്കുന്നില്ല.
അതേപോലെ തന്നെ നേരത്തെ ഉച്ചയ്ക്ക് 12:20ന് ആണ് 56387 കായംകുളം പാസഞ്ചർ എറണാകുളത്ത് നിന്നും സർവിസ് ആരംഭിച്ചിരുന്നത് അതു ഇപ്പോൾ 16309 മെമു ആയി രാവിലെ 08:45ന് എറണാകുളത്തുനിന്നും പുറപ്പെട്ട് 10:10ന് കോട്ടയം എത്തി 11: 35ന് കായംകുളം എത്തുന്ന ഈ മെമു സർവീസ് സ്റ്റോപ്പുകൾ ഇല്ലാതെ സർവീസ് നടത്തുന്നതിനാൽ സൂപ്പർഫാസ്റ്റ് മെമു എന്നാണ് യാത്രക്കാർക്കിടയിൽ അറിയപ്പെടുന്നത്.പഴയ പാസഞ്ചർ ട്രെയിനിൻ്റെ സ്റ്റോപ്പുകളോട് കൂടി മെമുവിൻ്റെ സമയം പുനക്രമീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
കേരള എക്സ്പ്രസ് പോലും നിർത്തുന്ന വൈക്കം റോഡ്, മാവേലിക്കര എന്നീ സ്റ്റേഷനുകളിലും തൃപ്പൂണിത്തുറയിലും പോലും ഈ മെമുവിന് സ്റ്റോപ്പ് ഇല്ല. ആവശ്യത്തിന് സ്റ്റോപ്പുകളില്ലാതെ കന്യാകുമാരി ഐലൻഡ്,കോട്ടയം എക്സ്പ്രസ്സ്, പുനലൂർ ഇൻ്റർസിറ്റി എക്സ്പ്രസ് എന്നിവയ്ക്ക് തൊട്ടു പുറകിലായി സർവീസ് നടത്തുന്ന ഈ മെമു റയിൽവേക്കും യാത്രക്കാർക്കും ഒരു പോലെ ബാധ്യതയാണ്.
ഇരട്ടപ്പാതയോടെ സൗകര്യങ്ങൾ ഇരട്ടി, പക്ഷേ എറണാകുളം വരെ പോകണമെങ്കിൽ രാവിലെ 07:30ക്ക് മുൻപ് പോകണം
കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർത്തിയായതോടെ കൂടുതൽ സൗകര്യങ്ങളും വണ്ടികളും പ്രതീക്ഷിച്ചിരുന്ന വൈക്കത്തെ യാത്രക്കാർ ഇപ്പോൾ കേവലം 35കിലോമീറ്റർ അകലെയുള്ള എറണാകുളത്തേക്ക് രാവിലെ 07:30ന്റെ പാലരുവിക്ക് പോകേണ്ട അവസ്ഥയിൽ ആണ്. ഇരട്ടപ്പാതക്ക് മുന്നേ 08:10ന് വൈക്കം റോഡിൽ എത്തിയിരുന്ന പാലരുവി എക്സ്പ്രസ് ആണ് ഇപ്പോൾ 40 മിനിറ്റ് മുന്നേ 07:30നു എത്തുന്നത്. പാലരുവി രാവിലെ നേരത്തെ ആക്കിയത് മൂലം സ്ത്രീകളും വിദ്യാർത്ഥികളും അടക്കമുള്ള നിരവധി യാത്രക്കാർക്ക് ഇപ്പോൾ മറ്റ് യാത്രാമാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ്. നിലവിൽ രാവിലെ 09:10നു എറണാകുളം നിന്നും പുറപ്പെടുന്ന ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് കോട്ടയത്തേക്ക് നീട്ടി രാവിലെ 07:45 നു വന്ദേഭാരത് എക്സ്പ്രസിന് പിന്നാലെ പുറപ്പെട്ടാൽ 08:10നു വൈക്കം എത്തി 09:05/09:10നു എറണാകുളം ടൌൺ എത്തി ചേരാമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
വേണാട്, വഞ്ചിനാട്, പരശുറാം എക്സ്പ്രസ്സുകൾക്ക് വൈക്കത്ത് സ്റ്റോപ്പ് അനുവദിക്കണം
അരനൂറ്റാണ്ട് ആയി വൈക്കം, കടുത്തുരുത്തി,പാലാ നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ കാത്തിരിപ്പാണ് വേണാട്, വഞ്ചിനാട്,പരശുറാം എക്സ്പ്രസ്സുകൾക്ക് ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ്. പകൽ മാത്രം സർവീസ് നടത്തുന്ന സ്ലീപ്പർ ക്ലാസ്സ് പോലും ഇല്ലാത്ത ഈ ട്രെയിനുകൾക്ക് വൈക്കത്തെക്കാളും പ്രാധാന്യം കുറഞ്ഞ നിരവധി സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടെങ്കിലും ഇരട്ടപ്പാത അല്ല എന്ന പേരിലാണ് ഇത്രയ്യുംനാൾ സ്റ്റോപ്പ് അനുവദിക്കാതിരിക്കാൻ കാരണം പറഞ്ഞിരുന്നത്.
നിലവിൽ കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർത്തിയായതും വൈക്കം റോഡ് സ്റ്റേഷനിൽ കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഐലൻഡ് പ്ലാറ്റ്ഫോമുകളിൽ ഒന്ന് സ്ഥാപിതമായതും യാത്രക്കാരുടെ എണ്ണത്തിൽ വന്ന അഭൂതപൂർവമായ വർധനവും കണക്കിലെടുത്ത് ഇരട്ടപ്പാത പൂർത്തിയാകുമ്പോളെങ്കിലും ഈ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കും എന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ. ആ പ്രതീക്ഷകൾ ആണ് റെയിൽവേ അധികാരികൾ തല്ലിക്കെടുത്തിയത്. ഇനിയെങ്കിലും ഈ പ്രശ്നങ്ങളിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും സജീവമായി ഇടപെടണമെന്ന് യാത്രക്കാർ അഭ്യർത്ഥിക്കുന്നു.