ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. തോമസ് ചാഴികാടൻ എം.പി അനുവദിച്ച 10 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 11 ലക്ഷം രൂപയും ഉപയോഗിച്ചാണ് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
25 വർഷം മുമ്പ് ആരംഭിച്ച പദ്ധതിയിൽ നിലവിൽ 185 കുടുംബങ്ങളാണുള്ളത്. 35000 ലിറ്റർ ( മുപ്പത്തയ്യായിരം )സംഭരണശേഷിയുള്ള ടാങ്കും ഏകദേശം 5 കിലോമീറ്റർ വിതരണ ലൈനുകളും ആണ് പുതിയതായി നിർമ്മിച്ചിട്ടുള്ളത്. പനച്ചിക്കപ്പാറ, മുരിങ്ങ, പൈകട, വാളിപ്ലാക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്ക് പുതുതായി വെള്ളം എത്തിക്കുന്നതോടുകൂടി ഏകദേശം 240 കുടുംബങ്ങളിൽ ഹൗസ് കണക്ഷൻ നൽകുവാൻ കഴിയും.
കുന്നേമുറി പാലത്തിന് സമീപം മീനച്ചിലാറിന്റെ കരയിലുള്ള കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് രണ്ട് കിലോമീറ്റർ അകലെയുള്ള മുരിങ്ങ ലക്ഷം വീട്ടിലുള്ള ടാങ്കിൽ വെള്ളം എത്തിച്ചാണ് വിതരണം നടത്തുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടുകൂടി ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി, അരീപ്പാറ (ഒൻപത്, പത്ത് ) വാർഡുകൾ സമ്പൂർണ്ണ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയ വാർഡുകളായി പ്രഖ്യാപിക്കപ്പെടും.
സാബു വടക്കേമുറി പ്രസിഡന്റും ത്രേസ്യാമ്മതാഴത്തു വരിക്കയിൽ സെക്രട്ടറിയുമായുള്ള സൊസൈറ്റി ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.