അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, നിലവില്‍ കൊണ്ടുപോവുന്ന വെള്ളം പുനരുപയോഗിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഈ സംവിധാനങ്ങളുപയോഗിച്ച് മനുഷ്യന്റെ മൂത്രത്തില്‍ നിന്നും വിയര്‍പ്പില്‍ നിന്നും കാബിനിലെ വായുവില്‍ നിന്നുമുള്ള 98 ശതമാനത്തോളം വെള്ളവും തിരിച്ചെടുക്കുന്നതില്‍ വിജയം കണ്ടെത്തിയിരിക്കുകയാണ് നാസ.
ബഹിരാകാശ നിലയത്തിലെ ഓരോ സഞ്ചാരിക്കും കുടിക്കുന്നതിനും, ഭക്ഷണം പാകം ചെയ്യുന്നതിനും, ശുചിത്വം പാലിക്കുന്നതിനുമെല്ലാമായി പ്രതിദിനം മൂന്ന് ലിറ്ററിലേറെ വെള്ളം ആവശ്യമായി വരും. ഓരോ സഞ്ചാരിയും ബഹിരാകാശ നിലയത്തിലേക്ക് പോവുമ്പോള്‍ വെള്ളം ഒപ്പം കൊണ്ടുപോവാറുണ്ട്.
ബഹിരാകാശ നിലയത്തില്‍ ഭക്ഷണം, വായു, ജലം എന്നിവ പുന:ചംക്രമണം ചെയ്യുന്നതിനും മറ്റുമായുള്ള സംവിധാനമാണ് എന്‍വയണ്‍മെന്റ് കണ്‍ട്രോള്‍ ആന്റ് ലൈഫ് സപ്പോര്‍ട്ട് സിസ്റ്റംസില്‍ (ഇസിഎല്‍എസ്എസ്). ഇതിന്റെ ഭാഗമായി ഒരുക്കിയ ഒരു ഉപ സംവിധാനത്തിലൂടെയാണ് വിയര്‍പ്പില്‍ നിന്നും, മൂത്രത്തില്‍ നിന്നും 98 ശതമാനം വെള്ളവും തിരിച്ചെടുക്കാന്‍ സാധിക്കുന്നതില്‍ നാസ വിജയം കണ്ടത്.
മലിന ജലം ശേഖരിക്കുന്ന വാട്ടര്‍ റിക്കവറി സംവിധാനവും അതില്‍ നിന്ന് കുടിവെള്ളം നിര്‍മിക്കാന്‍ കഴിയുന്ന വാട്ടര്‍ പ്രൊസസര്‍ അസംബ്ലിയും അടങ്ങുന്നതാണ് ഇസിഎല്‍എസ്എസ്. കാബിനുള്ളിലെ വായുവിലുള്ള ഈര്‍പ്പം വലിച്ചെടുത്ത് വെള്ളമാക്കിമാറ്റാനാവുന്ന സംവിധാനവും ഇതിലുണ്ട്.
ഇതിലെ യൂറിന്‍ പ്രൊസസര്‍ അസംബ്ലി (യുപിഎ) സംവിധാനം ഉപയോഗിച്ച് മൂത്രത്തില്‍ നിന്ന് വെള്ളം തിരിച്ചെടുക്കാനാവും. ഈ പ്രക്രിയയിലും ജലാംശമുള്ള അവശിഷ്ടം ബാക്കിയാവും.