പുതിയ കാലഘട്ടത്തില്‍ കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണിത്. ഈ അവസ്ഥ ഏറെ കാണപ്പെടുന്നത് സ്ത്രീകളിലാണ്. നമ്മുടെ സ്ത്രീകള്‍ പലപ്പോഴും ഒരേസമയം ഒന്നിലേറെ പ്രവൃത്തികള്‍ അതിവേഗത്തില്‍ ചെയ്യുന്നവരാണ്. പലപ്പോഴും അവരറിയാതെതന്നെ ഈ സ്വഭാവം ഒരു ജീവിതചര്യയായി മാറുന്നു.
വീട്ടുപണികള്‍, മാതാപിതാക്കളെ നോക്കല്‍, ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയും നോക്കല്‍, ഇതിനിടയില്‍ കുടുംബശ്രീ പോലുള്ള സംഘങ്ങളില്‍ സജീവമായ ചിലരുമുണ്ട്. ഒരല്‍പ്പംപോലും വിശ്രമം എന്തെന്ന് ഇക്കൂട്ടര്‍ അറിയുന്നില്ല. അതിനും പുറമേ പുറത്ത് മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നവരാണെങ്കില്‍ ഈ തിരക്കിനിടയില്‍ അതും ചെയ്യണം.
ഇത്തരത്തില്‍ ഉള്ള ജീവിതസാഹചര്യങ്ങള്‍ അവരെ എത്തിക്കുന്ന അവസ്ഥയാണ് ഹറീഡ് വുമണ്‍ സിന്‍ഡ്രോം. ഓരോ ദിവസവും ചെയ്തുകൊണ്ടിരിക്കുന്ന് എടുത്താൽ പൊങ്ങാത്ത ഭാരങ്ങൾ അവരെ ഇത്തരത്തിലുള്ള അവസ്ഥയിൽ എത്തിക്കുന്നുവെന്നും പറയാം.
ഇതൊരു മാനസികരോഗമല്ല, എങ്കില്‍ത്തന്നെയും ആരോഗ്യവിദഗ്ധരുടെ ശ്രദ്ധ കൂടുതല്‍ വേണ്ടിവരുന്ന ഒരവസ്ഥയാണ്. പലപ്പോഴും കൃത്യമായി കണ്ടെത്താനാകാതെ വരുമ്പോള്‍ വിഷാദത്തിലേക്ക് വഴിമാറും. വര്‍ഷാവര്‍ഷം മൂന്ന് കോടി സ്ത്രീകള്‍ ഇതിന് അടിമയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2004-ല്‍ അമേരിക്കയിലുള്ള ഡോ. ബ്രെന്റ് ബോസ്റ്റ് ആണ് ആദ്യമായി ഈ വിഷയമവതരിപ്പിക്കുന്നത്. അമേരിക്കയില്‍ത്തന്നെ 20 കോടി സ്ത്രീകള്‍ ഈ രോഗത്തിന് അടിമകളാണ്. 25-55 വയസ്സിന് ഇടയിലുള്ള സ്ത്രീകളിലാണ് ഈയവസ്ഥ കാണുന്നത്. അതില്‍ത്തന്നെ രണ്ടോ അതില്‍ക്കൂടുതല്‍ കുട്ടികളോ ഉള്ള സ്ത്രീകളില്‍ വളരെ കൂടുതലായിക്കാണാം.