ചെറുപ്രായത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് പലരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. അയ്യോ പ്രായമായല്ലോ എന്ന് കണ്ണാടി നോക്കി കരഞ്ഞിട്ട് കാര്യമില്ല. ഭക്ഷണത്തിലും അതുപോലെ ചർമ്മ സംരക്ഷണത്തിലും കൃത്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കൂ.
പ്രായമാകുന്ന പ്രക്രിയ തടയാൻ സാധിക്കില്ലെങ്കിലും ഒരു പരിധി വരെ ചർമ്മത്തെ ഇതിൽ സംരക്ഷിക്കാൻ കഴിയും. ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ പ്രകൃതിദത്തമായ രീതിയിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നാരങ്ങാ നീര്
വിറ്റാമിൻ സി കൂടുതലുള്ള സിട്രസ് പഴമാണ് നാരങ്ങ. അതിശയകരമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ പഴമാണിത്. ഇത് അതിന്റെ ബ്ലീച്ചിംഗ് ഗുണങ്ങളാൽ പ്രായമാകൽ പ്രക്രിയയെ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നതിന് ഇത് ഏറെ നല്ലതാണ്.
ഇതിനായി ഒരു ടീസ്പൂൺ നാരങ്ങാനീരും തേനും കലർത്തി ചർമ്മത്തിൽ പുരട്ടുക. 20 മിനിറ്റ് ഇതുപോലെ വെച്ച ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. നാരങ്ങ നീര് ഒരിക്കലും നേരിട്ട് ചർമ്മത്തിൽ പുരട്ടരുത്. അൽപ്പം വെള്ളം ചേർത്ത് നേർപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക.
തേങ്ങാപ്പാൽ
വരണ്ട ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ തേങ്ങാപ്പാൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കം നൽകുന്നതിനൊപ്പം, ഇത് പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും തേങ്ങാപ്പാൽ ഏറെ മികച്ചതാണ്. തേങ്ങ തിരുമ്മിയെടുത്ത് അതിൽ നിന്ന് തേങ്ങാപ്പാൽ വേർതിരിച്ച് എടുത്ത ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്.
പപ്പായ
കഴിക്കാൻ മാത്രമല്ല, ചർമ്മ സൗന്ദര്യത്തിനും ഏറെ നല്ലതാണ് പപ്പായ. ചർമ്മത്തെ കൂടുതൽ ദൃഢമാക്കുകയും ചുളിവുകൾ ഒഴിവാക്കുകയും ചെയ്യുന്നു. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കണ്ണുകൾക്ക് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡൻ്റ് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകുന്നു. ഒരു പപ്പായ മാസ്ക് തയ്യാറാക്കാൻ, ഒരു പഴുത്ത പപ്പായ പഴം എടുത്ത് നന്നായി ഉടച്ച് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് നേരം വെച്ച ശേഷം കഴുകി കളയാം.
റോസ് വാട്ടർ
ചർമ്മ സംരക്ഷണത്തിലെ ഏറ്റവും പ്രധാനിയാണ് റോസ് വാട്ടർ. ഇത് ചർമ്മം തൂങ്ങാതെയും ചുളിവുകൾ വീഴാതെയും സംരക്ഷിക്കുന്നു. ചർമ്മത്തിൽ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള കഴിവ് റോസ് വാട്ടറിനുണ്ട്.