സൗമ്യ നിങ്ങളെ "ദേവ"തയാക്കും! സ്വപ്നങ്ങൾ നെയ്ത് സൗമ്യ ജിലേഷ്
"I don't design clothes, I design dreams" പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനർ റാൽഫ് ലോറന്റെ വാക്കുകളാണിത്. ഫാഷൻ ഡിസൈനിംഗ് ഒരു കലയാണ്. ഓരോ ഫാഷൻ ഡിസൈനറും കലാകാരൻമാരാണ് അത്രമാത്രം ഡെഡിക്കേറ്റഡ് ആയിട്ടാണ് അവർ ഓരോ വർക്കും സ്വപ്നങ്ങൾ കണക്കെ നെയ്ത് കൂട്ടുന്നത്. നല്ല വസ്ത്രം ഒരാളുടെ ആത്മവിശ്വാസം കൂട്ടുമെന്ന് നമ്മൾ കേട്ടിട്ടില്ലേ...
നമ്മൾ ഓരോരുത്തരുടേയും ആത്മവിശ്വാത്തിന്റെ പിന്നിൽ ഒരു ഫാഷൻ ഡിസൈനറുടെ കൈകളുണ്ടെന്ന് പറഞ്ഞാൽ ആർക്കേലും നിഷേധിക്കാനാകുമോ?
ജീവിതത്തിലെ ഏത് സന്ദർഭങ്ങളിലും, ആഗ്രഹത്തിനൊത്ത് ഡ്രസ്സുകൾ വാങ്ങിച്ചു കൂട്ടുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന മനുഷ്യരല്ലേ നമ്മൾ. ഫാഷനും, വസ്ത്രങ്ങളും നമ്മുടെ സന്തോഷത്തിന്റെ താക്കോൽ തന്നെയല്ലേ അപ്പോൾ...!
അർപ്പണ ബോധവും, കഠിനാധ്വാനവും കൊണ്ട് ഫാഷൻ ഡിസൈനിംഗ് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ ഒരു കോഴിക്കോട്ടുകാരി. കോഴിക്കോട്, ബാലുശ്ശേരിയിലെ ദേവ സിഗ്നേച്ചർ എന്ന ബൊട്ടീക്ക് നടത്തുന്ന യുവ സംരംഭക സൗമ്യ ജിലേഷ് ബി.എം ടിവി യോട് മനസ്സ് തുറക്കുന്നു.
"തുന്നലിനോട് പണ്ട് തൊട്ടേ ചെറിയ ഇഷ്ടമുണ്ടായിരുന്നു. ഫാഷൻ ഡിസൈനിംഗ് ഒന്നും പഠിച്ചിട്ടില്ല. എന്നാലും ആരെങ്കിലും ഒരു ഡിസൈൻ അത് പോലെ ചെയ്യണം എന്ന് പറഞ്ഞു വന്നാൽ അവരെ നിരാശപ്പെടുത്തി അയക്കാറില്ല. ആഗ്രഹത്തിനൊത്ത് അതങ്ങു സാധിച്ചു കൊടുക്കാൻ ശ്രമിക്കും. അവരുടെ മുഖത്ത് കാണുന്ന പുഞ്ചിരി, ഒരു വാക്ക് അത് മതി മനസ്സ് നിറയാൻ." സൗമ്യയുടെ സംസാരത്തിൽ സന്തോഷത്തിന്റെ തെളിച്ചം.
സൗമ്യ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടില്ല. പെണ്മക്കൾ ആയത് കൊണ്ട് തന്നെ മക്കൾക്ക് ഉടുപ്പുകൾ തയ്ക്കാനുള്ള ഇഷ്ടമാണ് സൗമ്യയിലെ ഫാഷൻ ഡിസൈനറിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇളയ മോൾക്ക് 3 വയസ്സുള്ളപ്പോൾ ആണ് വീടിന്റെ അടുത്ത് സൗമ്യ തയ്യൽ പഠിയ്ക്കാൻ പോകുന്നത്. ഒരു മാസമേ പോയുള്ളൂ. പിന്നെ വീട്ടിൽ ഒരു സിംഗിൾ മെഷീൻ വാങ്ങി. മക്കൾക്കുള്ള ഉടുപ്പുകൾ സാരികൾ മുറിച്ച് തയ്ച്ചു കൊണ്ട് സൗമ്യ തന്റെ ഉള്ളിലെ കഴിവിന് വെള്ളവും, വളവുമേകി.
സൗമ്യ ജിലേഷ് |
"മക്കൾ സ്‌കൂളിൽ പോയി തുടങ്ങിയപ്പോൾ പകൽ സമയം വെറുതെ ഇരിക്കണ്ടല്ലോ എന്നു കരുതി ഇവിടെ അടുത്ത് കൂട്ടാലിട ഒരു ഷോപ്പിൽ തയ്ക്കാൻ പോയി തുടങ്ങിയത്. അവിടെ നിന്നാണ് സ്റ്റിച്ചിങ്ങിന്റെ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നത്." സൗമ്യ പറയുന്നു.
ദേവ സിഗ്നേച്ചറിന്റെ തുടക്കം-
മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാനുള്ള അതിയായ ആഗ്രഹം സൗമ്യയുടെ മനസ്സിലുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് പിന്നോട്ട് വലിച്ചെങ്കിലും പൗലോ കൊയ്‌ലോയുടെ പ്രപഞ്ച തത്വം സൗമ്യയിലേക്ക് വന്നു തുടങ്ങി. ബാലുശ്ശേരി കുറഞ്ഞ വാടകക്ക് ഒരു റൂം ഉണ്ടെന്ന് പരിചയത്തിലൊരാൾ പറഞ്ഞു. പൂർണ്ണമായ മനസ്സോടെയല്ലെങ്കിലും അന്ന് ആ കടമുറി വാടകക്ക് എടുത്ത് സൗമ്യ ' ദേവ ' യ്ക്ക് തുടക്കമിട്ടു. അന്ന് കുഞ്ഞാറ്റ ഡിസൈൻസ് എന്നായിരുന്നു പേർ. തുടക്കത്തിൽ വർക്കുകൾ കാര്യമായി കിട്ടാതെയായി. ഒറ്റയ്ക്ക് തുഴഞ്ഞു തുടങ്ങിയ സൗമ്യയെ പലരും തളർത്തി. എങ്കിലും, തളരാൻ സൗമ്യ ഒരുക്കമല്ലായിരുന്നു. സൗമ്യയുടെ ഭാഷയിൽ പറഞ്ഞാൽ
" എന്നെങ്കിലും എനിയ്ക്ക് ഇത് വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. തളർത്താൻ ഒരുപാട് പേരുണ്ടായിരുന്നെങ്കിലും കൂട്ടുകാരും, കുടുംബക്കാരുമായിരുന്നു എന്റെ പിൻബലം. അവരെല്ലാം വർക്കുകൾ എനിയ്ക്ക് തരാൻ തുടങ്ങി. "
സൗമ്യയുടെ ബൊട്ടീക്ക് മെല്ലെ പച്ചപിടിച്ചു വരുന്ന സമയത്താണ് എല്ലാ ബിസിനസുകാരെയും വിഷമത്തിലാക്കിയ ലോക്ഡൗണിന്റെ ആരംഭം.
"കുറച്ചൊന്ന് സ്ട്രഗ്ൾ ചെയ്യേണ്ടി വന്നെങ്കിലും മറ്റൊരു നല്ല കടമുറിയിലേക്ക് മാറി. അവിടെ നിന്നാണ് ഞാൻ കൊളാബിനായി പലരേയും കോണ്ടാക്റ്റ് ചെയ്യുന്നത്. ആമി അശോകിനെ അങ്ങനെയാണ് ഞാൻ പരിചയപ്പെടുന്നത്. അങ്ങനെ ഒരു ഓണത്തിന്റെ ഫോട്ടോഷൂട്ടിന് ആമി അശോകിന് ഒരു ഡ്രസ്സ് ചെയ്തു കൊടുത്തു. അത് നല്ല സക്‌സസ് ആയി. അതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ഫോളവർസ് ഒക്കെ കൂടി തുടങ്ങി ദേവ കൂടുതൽ ആളുകളിലേക്ക് എത്തി തുടങ്ങിയത്."
കുഞ്ഞാറ്റ ഡിസൈൻസ് എന്ന കുഞ്ഞു പേരിൽ തുടങ്ങിയ തയ്യൽക്കട പിന്നീട് ദേവ സിഗ്നേച്ചർ എന്ന വല്യ സംരംഭമായി മാറുകയായിരുന്നു. ലോക്ഡൗൺ എന്ന വലിയ പ്രതിസന്ധിക്കിടയിൽ നിന്ന് കൊണ്ട് ദേവയെ കുറഞ്ഞ കൊല്ലം കൊണ്ട് കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു സ്ഥാപനമാക്കാൻ സൗമ്യയ്ക്ക് കഴിഞ്ഞു എന്നതാണ് സൗമ്യ എന്ന യുവ സംരംഭകയുടെ ഏറ്റവും വലിയ നേട്ടം. കസ്റ്റമർ സാറ്റിസ്ഫാക്ഷന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല സൗമ്യ അത്കൊണ്ട് തന്നെ കസ്റ്റമറുടെ മുഖത്തെ പുഞ്ചിരി തന്നെയാണ് സൗമ്യക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം. ഭർത്താവ് ജിലേഷും, മക്കൾ ദേവനന്ദയും, ദേവനയനയും സൗമ്യക്ക് പൂർണ്ണ പിന്തുണയുമായി ഓരോ ചുവടിലും ഒപ്പമുണ്ട്.
ദേവ സിഗ്നേച്ചര്‍ ഉടമ സൗമ്യ ജിലേഷും കുടുംബവും |
ഹെലൻ ഓഫ് സ്പാർത്ത, അനഘ സജീവ്, നിവേദ്യ, നീരുട്ടി, രക്ഷ രാജ് തുടങ്ങിയ ഇൻസ്റ്റാഗ്രാം താരങ്ങൾക്കെല്ലാം സൗമ്യ കോസ്റ്റ്യും ഡിസൈൻ ചെയ്തിട്ടുണ്ട്. ഓരോ നിമിഷവും സൗമ്യ മനസ്സിൽ പുതിയ ഡിസൈനുകൾ രൂപകൽപ്പനചെയ്തു കൊണ്ടിരിക്കുകയാണ്. മറ്റൊരാളുടെ സന്തോഷത്തിന്റെ താക്കോൽ നെയ്തു കൊടുക്കാൻ സൗമ്യയും, സൗമ്യയുടെ ദേവ സിഗ്നേച്ചറും എന്നും ഒരുക്കമാണ്. യുവ സംരംഭകരോടെല്ലാം സൗമ്യക്ക് ഒന്നേ പറയാനുള്ളൂ,
"കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശുഭാപ്തി വിശ്വാസവും ഉണ്ടെങ്കിൽ ഒരു നാൾ നിങ്ങളും വിജയിക്കും. സാധാരണ ഒരു കുടുംബത്തിൽ നിന്നും ഇറങ്ങി തിരിക്കുകയും ഒറ്റയ്ക്ക് നിന്ന് ഒരു തയ്യൽക്കടയെ 5 കൊല്ലം കൊണ്ട് ഇന്ന് ഓണ്ലൈനിലും, പുറത്തും നാലാളറിയുന്ന 12 സ്റ്റാഫുകൾ ഉള്ള "ദേവ സിഗ്നേച്ചർ" ഉണ്ടാക്കാൻ എനിയ്ക്ക് കഴിഞ്ഞെങ്കിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കുന്ന ഏതൊരാൾക്കും പറ്റും." സൗമ്യ സൗമ്യമായി ചിരിക്കുന്നു.
ലേഖിക : കാമില കലാം