ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് (ചൊവ്വാഴ്ച്ച) കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ബാങ്കുകൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് (ചൊവ്വാഴ്ച്ച) നടത്താൻ നിശ്ചയിച്ച പിഎസ്‍സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. സംസ്കാരം അദ്ദേഹത്തിന്റെ സ്വദേശമായ പുതുപ്പള്ളിയിൽ വ്യാഴാഴ്ച നടക്കും.
വിവിധ സർവകലാശാലകൾ പരീക്ഷ മാറ്റി
സംസ്ഥാനത്ത് ഇന്ന് (ചൊവ്വാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റി. കേരള ആരോഗ്യ സർവകലാശാല ഇന്നു (ചൊവ്വാഴ്ച്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കാലിക്കറ്റ് സർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും ഈ മാസം 22ലേക്കു മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല. ഇന്നത്തെ മൂല്യനിർണയ ക്യാംപുകൾക്കു അവധി പ്രഖ്യാപിച്ചു.
ഇന്റർവ്യൂ മാറ്റിവച്ചു
ഇന്ന് (ചൊവ്വാഴ്ച്ച) എസ്എസ്കെ പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ വച്ച് നടത്താനിരുന്ന അക്കൗണ്ടന്റിന്റെ വാക്ക് ഇൻ ഇന്റർവ്യൂ നാളത്തേക്കു മാറ്റിവച്ചു.
യോഗം മാറ്റിവച്ചു
ആറന്മുള വള്ളസദ്യ വഴിപാടുകള്‍, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്ന് (ചൊവ്വാഴ്ച്ച) പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.