വില്ലേജ് ഓഫിസർമാർ ഇനി ആഴ്ചയിലൊരു ദിവസം അതുവരെ ചെയ്ത ജോലിയുടെ കണക്ക് പ്രത്യേക ഗൂഗിൾ സ്പ്രെഡ്ഷീറ്റിൽ രേഖപ്പെടുത്തണം. വില്ലേജ് ഓഫിസിലെ സേവനങ്ങളുടെയും നടപടികളുടെയും പ്രതിവാര, പ്രതിമാസ കണക്ക് ലാൻഡ് റവന്യു കമ്മിഷണർക്കു നൽകാൻ ഗൂഗിൾ ഷീറ്റ് അടിസ്ഥാനമാക്കി വില്ലേജ് ഓഫിസ് മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (വിഒ–എംഐഎസ്) തയാറായി.
ഓൺലൈനായും അല്ലാതെയും നടത്തുന്ന ഭൂമി പോക്കുവരവ്, വൺടൈം സർട്ടിഫിക്കേഷൻ, അനധികൃത വയൽ നികത്തൽ തുടങ്ങിയവ ശേഖരിക്കാനാണു വിഒ– എംഐഎസ് തയാറാക്കിയതെങ്കിലും കഴിഞ്ഞദിവസം ലാൻഡ് റവന്യു കമ്മിഷണർ വിളിച്ചുചേർത്ത യോഗത്തിൽ, എഴുപതോളം വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.
ഓഗസ്റ്റ് മുതൽ സംസ്ഥാനതലത്തിൽ രൂപീകരിക്കുന്ന പ്രത്യേക പരിശോധനാ സംഘം ഈ വിവരങ്ങൾ ഉപയോഗിച്ചാകും വില്ലേജ് ഓഫിസുകളിൽ പരിശോധന നടത്തുക. താലൂക്ക്, കലക്ടറേറ്റ്, ലാൻഡ് റവന്യു കമ്മിഷണറേറ്റ് എന്നിവിടങ്ങളിലെ പരിശോധനാ വിഭാഗങ്ങൾക്കും വില്ലേജ്, താലൂക്ക്, ജില്ലാ തലത്തിലെ മുതിർന്ന ഓഫിസർമാർക്കും വിവരങ്ങൾ കാണാനാകും. ഭാവിയിൽ ഈ ഗൂഗിൾ സ്പ്രെഡ്ഷീറ്റിനെ സോഫ്റ്റ്‌വെയറാക്കി മാറ്റും.