പച്ചക്കറിവില വർധന തടയാൻ ഹോർട്ടികോർപ്പിന്റെ ഇടപെടൽ. ഇരുപത്തിമൂന്ന് പച്ചക്കറി വണ്ടികൾ നാളെ മുതൽ സർവീസ് തുടങ്ങും. ജൈവപച്ചക്കറിയും ഉൾപ്പെടുത്തിയാണ് സഞ്ചാരമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ പറഞ്ഞു.
തക്കാളിക്ക് ഉൾപ്പെടെ വില നൂറു കടന്നതോടെ കൂടുതൽ വിപണന കേന്ദ്രങ്ങൾ തുടങ്ങി വിലക്കയറ്റം പിടിച്ചു നിർത്താനാകുമെന്നാണ് ഹോർട്ടികോർപ്പിന്റെ അവകാശവാദം. ആദ്യ ഘട്ടമായി 23 പച്ചക്കറി വണ്ടികളാണ് സഞ്ചരിക്കുക. ഹോർട്ടി കോർപ്പ് സ്റ്റാളുകൾക്കു പുറമേയാണ് പച്ചക്കറി വണ്ടികൾ.
നാളെ (ജൂലൈ- 4) വൈകിട്ട് നാലിന് തിരുവനന്തപുരത്ത് കൃഷിമന്ത്രി പി.പ്രസാദ് പച്ചക്കറി വണ്ടി ഫ്ലാഗ് ഓഫ് ചെയ്യും. പൊതു വിപണിയേക്കാൾ ഏകദേശം മുപ്പതു രൂപ വരെ വിലക്കുറവുണ്ടാകുമെന്ന് ഹോർട്ടികോർപ്പ് ചെയർമാൻ അറിയിച്ചു.
പൊതുവിപണിയിലേക്ക് വിലക്കുറവിൽ ആവശ്യാനുസരണം പച്ചക്കറി എത്തുന്നതു വരെ പച്ചക്കറി വണ്ടികൾ ഉണ്ടാകും. ഓരോ ജില്ലയിലെയും കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ സംഭരിക്കുവാനാണ് തീരുമാനം. അതേസമയം പച്ചക്കറി സംഭരണത്തിൽ കർഷകർക്ക് നാലു മാസത്തെ കുടിശ്ശിക നൽകാനുണ്ട്. ഹോർട്ടികോർപ്പ് സ്റ്റാളുകളിലെ ജീവനക്കാർക്ക് മൂന്നു മാസത്തെ ശമ്പളം നൽകിയിട്ടുമില്ല.