Hot Posts

6/recent/ticker-posts

ഏറ്റുമാനൂർ- എറണാകുളം റോഡിൽ നിവരുന്നത് 41 കൊടും വളവുകൾ; ഏറ്റെടുക്കുന്നത് 1.1859 ഹെക്ടർ ഭൂമി


കോട്ടയം: വാഹനയാത്രക്കാരുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്കാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ്റുമാനൂർ- എറണാകുളം റോഡിലെ കൊടും വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾക്ക് പച്ചക്കൊടി വീശി ഭൂമി ഏറ്റെടുക്കലിന് വിജ്ഞാപനം ഇറങ്ങി. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ഇതോടെ ജീവൻ വച്ചു. 


ഏറ്റുമാനൂരിനു സമീപം പട്ടിത്താനം ജംഗ്ഷൻ മുതൽ തലയോലപ്പറമ്പ് പള്ളിക്കവല വരെയുള്ള 41 കൊടുംവളവുകളാണ് ഈ പദ്ധതിയിൽ നിവർത്തുന്നത്. സുഗമവും സുരക്ഷിതവും അപകടരഹിതവുമായ റോഡ് യാത്രാ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇതിനായി 1.1859 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തു നിന്നും ഏറ്റെടുത്ത് റോഡ് നിർമ്മാണത്തിനായി റവന്യൂ വകുപ്പ് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കൈമാറും.


മീനച്ചിൽ താലൂക്കിലെ കാണക്കാരി, വൈക്കം താലൂക്കിലെ മുട്ടുചിറ, കോതനല്ലൂർ, മാഞ്ഞൂർ, കടുത്തുരുത്തി, വടയാർ വില്ലേജുകളിൽ നിന്നായിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനായി കോട്ടയം ജില്ലാ കളക്ടർ പ്രാരംഭ വിജ്ഞാപനം 2013-ലെ ചട്ടപ്രകാരം പുറപ്പെടുവിച്ചു. ഇതോടൊപ്പം സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനരേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലാ ലാൻ്റ് അക്വിസിഷൻ (ജനറൽ) സ്പെഷ്യൽ തഹസിൽദാർക്കാണ് ഭൂമി ഏറ്റെടുക്കലിൻ്റെ ചുമതല നൽകിയിരിക്കുന്നത്.


ഏറ്റവും വാഹന ഗതാഗത തിരക്കേറിയ ഏറ്റുമാനൂർ- തലയോലപ്പറമ്പ് റോഡ് കൊടുംവളവുകൾ നിറഞ്ഞതാണ്. ഏഴു മീറ്റർ ടാറിംഗ് വീതി മാത്രമാണ് ഉള്ളത്. അപകടങ്ങൾ ഒഴിഞ്ഞ ദിവസങ്ങളേ ഈ റോഡിൽ ഇല്ല. കൂറ്റൻ ടെയ്ലറുകളും നീളം കൂടിയ കണ്ടെയ്നർ ലോറികളും വലിയ മറ്റു ചരക്കു വാഹനങ്ങളും നിര നിരയായി കടന്നുപോകുന്ന പാതയിൽ യാത്രാ വാഹനങ്ങൾക്കും മററു വാഹനങ്ങളെ മറികടക്കുക ഈ ഭാഗങ്ങളിൽ വളരെ ബുദ്ധിമുട്ടാണ്. 


അപകടരഹിതമാകുംവിധം ഇരുനിര വാഹന ഗതാഗതം സുഗമമാക്കുന്നതിനായി റോഡ് വികസനത്തിന് നടപടി സ്വീകരിച്ച എൽ.ഡി.എഫ് സർക്കാരിനെയും പൊതുമരാമത്ത് വകുപ്പ് അധികൃതരെയും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു. വാഹനയാത്രക്കാരുടെ വർഷങ്ങളായിട്ടുള്ള ആവശ്യമാണ് നടപ്പാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.



കടുത്തുരുത്തി ബൈപാസിനും മോചനമാകും

ഈ റോഡിൽ അപകടം ഉണ്ടായാലും ഏതെങ്കിലും ജംഗ്ഷനുകളിൽ പ്രകടനമോ പൊതുയോഗമോ ഉണ്ടായാലും മണിക്കൂറുകൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. വളവുകൾ നിവർത്തുന്നതിനോടൊപ്പം ടാർ വീതി കുറഞ്ഞത് പത്ത് മീറ്റർ എങ്കിലും ആക്കിയാലേ സുഗമമായ യാത്ര സാദ്ധ്യമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡ് വികസനം യാത്രാ സമയലാഭവും തടസ്സരഹിത വാഹനയാത്രയും സാദ്ധ്യമാക്കുമെന്ന് ജയ്സൺമാന്തോട്ടം പറഞ്ഞു.
 

വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നവീകരപദ്ധതി എൽ.ഡി.എഫിൻ്റെ നിരന്തര ഇടപെടലിലാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് എൽ.ഡി.എഫ് കടുത്തുരുത്തി നിയോജക മണ്ഡലം കൺവീനർ തോമസ് കീപ്പുറം പറഞ്ഞു. എറ്റെടുക്കുന്ന ഭൂമിക്ക് ഉയർന്ന നഷ്ട പരിഹാര പാക്കേജ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Reactions

MORE STORIES

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; യുവാക്കളും യുവതികളും പിടിയിൽ
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
ളാലം ബ്ലോക്ക് പഞ്ചായത്ത്തല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
വഖഫ് ബിൽ: രാജ്യസഭയിൽ വേറിട്ട ഏക ശബ്ദമായി ജോസ് കെ മാണി
തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു; 7 പേർ ആശുപത്രിയിൽ
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നാളെ